ദോഹ: മൈതാനത്ത് എതിരാളികളായിരുന്നെങ്കിലും മികച്ച സുഹൃത്തുക്കളാണ് ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയും മൊറോക്കോയുടെ അഷ്‌റഫ് ഹക്കിമിയും. ഫ്രഞ്ച് ക്ലബ്ബായ പിഎസ്‌ജിക്കായി ഒരുമിച്ച് പന്ത് തട്ടുന്ന താരങ്ങളാണ് ഇരുവരും. സെമിഫൈനല്‍ മത്സരത്തിന് മുന്‍പ് തന്നെ ഇരുതാരങ്ങളും തമ്മിലുള്ള സുന്ദര ചിത്രങ്ങളും പുറത്തുവന്നിരുന്നു.
സെമിഫൈനലില്‍ ആഫ്രിക്കന്‍ കരുത്തിനെ പിടിച്ചുകെട്ടി ഫ്രാന്‍സാണ് ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിലുടനീളം തങ്ങളെ വിറപ്പിച്ച മൊറോക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഫ്രഞ്ച് പടയുടെ വിജയം. മത്സരത്തില്‍ അവസാന ചിരി എംബാപ്പെയുടേതായിരുന്നെങ്കിലും കളിക്ക് ശേഷമുള്ള താരത്തിന്‍റെ പെരുമാറ്റമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനം കൊണ്ട് നിറയുന്നത്.
തോല്‍വിയുടെ നിരാശയ്‌ക്കിടെ മൈതാന മധ്യത്ത് മുഖം പൊത്തി കിടക്കുന്ന പ്രിയസുഹൃത്തിനെ ആശ്വസിപ്പിക്കാന്‍ വിജയാഹ്ളാദങ്ങള്‍ക്കിടയിലും എംബാപ്പെ ഓടിയെത്തിയിരുന്നു. സെമി വിജയം ഫ്രഞ്ച് താരങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഹക്കിമിക്ക് അടുത്തെത്തിയ എംബാപ്പെ താരത്തെ എഴുന്നേല്‍പ്പിക്കുകയും ചേര്‍ത്ത് പിടിക്കുകയും ചെയ്‌തു. കവിളില്‍ തട്ടി സുഹൃത്തിനെ ആശ്വസിപ്പിക്കുന്നതും പരസ്‌പരം ജേഴ്‌സി കൈമാറുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.
ഇതിന് പിന്നാലെ എംബപ്പെ ട്വറ്ററില്‍ പങ്കിട്ട പോസ്റ്റുമാണ് ആരദക മനം കവര്‍ന്നത്. 'നിങ്ങള്‍ വിഷമിക്കരുത്, നിങ്ങൾ ചെയ്‌ത കാര്യങ്ങളില്‍ എല്ലാവരും അഭിമാനിക്കുന്നു, നിങ്ങള്‍ ചരിത്രം സൃഷ്‌ടിച്ചിരിക്കുന്നു' എന്നാണ് ഫ്രാന്‍സിന്‍റെ സൂപ്പര്‍ താരം ട്വിറ്ററില്‍ കുറിച്ചത്. ഹക്കിമിയോടൊപ്പമുള്ള ചിത്രവും ഇതോടൊപ്പം താരം പങ്കുെവെച്ചിട്ടുണ്ട്.
Also Read:മൊറോക്കന്‍ വീരഗാഥയ്‌ക്ക് അന്ത്യം കുറിച്ച് ഫ്രഞ്ച് പട ; ആഫ്രിക്കന്‍ സംഘത്തെ തകര്‍ത്തെറിഞ്ഞ് ഫൈനലില്‍