പാരിസ്: പിഎസ്‌ജിയുമായി കരാർ പുതുക്കാൻ ഒരുക്കമല്ലെന്ന് ക്ലബിനെ അറിയിച്ച സാഹചര്യത്തിൽ സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി കിലിയൻ എംബാപ്പെ. പിഎസ്‌ജി വിടാനോ റയൽ മാഡ്രിഡിൽ ചേരാനോ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. നിലവിൽ പിഎസ്‌ജിയിൽ സന്തോഷവാനാണെന്നും അടുത്ത സീസണിലും ക്ലബിനൊപ്പം തുടരുമെന്നും എംബാപ്പെ വ്യക്തമാക്കി. അന്താരാഷ്‌ട്ര വാർത്ത എജൻസിയായ അസോസിയേറ്റ് പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ 2025 ജൂൺ വരെ കരാർ നീട്ടാനുള്ള ഒപ്‌ഷൻ സ്വീകരിക്കാൻ തയ്യാറല്ലെന്ന് മാത്രമാണ് താൻ ക്ലബ് അധികൃതരെ അറിയിച്ചത്. പിഎസ്‌ജിയുമായി പുതിയൊരു കരാറിനെക്കുറിച്ച് ഇതുവരെ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും താരം വ്യക്തമാക്കി. ഫ്രഞ്ച് ക്ലബ് വിട്ട എംബാപ്പെ ഉടൻതന്നെ റയൽ മാഡ്രിഡിൽ ചേരുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ തന്നെ എംബാപ്പെ റയലിൽ ചേരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കരാർ പുതുക്കാൻ താത്‌പര്യമില്ലെന്ന് പിഎസ്‌ജിയെ അറിയച്ചതിന് പിന്നാലെയാണ് എംബാപ്പെ വീണ്ടും സ്‌പാനിഷ് വമ്പൻമാർക്കൊപ്പം ചേരാൻ പദ്ധതിയിടുന്ന തരത്തിൽ വാർത്തകൾ സജീവമായത്. കരിം ബെൻസേമ സൗദി ക്ലബായ അൽ ഇത്തിഹാദിൽ ചേർന്ന സാഹചര്യത്തിൽ പകരക്കാരനായി ഈ സീസണിൽ തന്നെ എംബാപ്പെയെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ് ചരടുവലിക്കുന്നുവെന്ന തരത്തിലായിരുന്നു ഇത്. എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് താരത്തിന്‍റെ പ്രതികരണം.
നേരത്തെ വമ്പൻ തുക വാഗ്‌ദാനം ചെയ്‌ത താരത്തെ ടീമിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അവസാന നിമിഷമാണ് റയലിന്‍റെ പദ്ധതികൾ പാളിയത്. എന്നാൽ താരം 2024 വരെ കരാറുണ്ടായിരുന്ന എംബാപ്പെയെ ഒരു വർഷത്തേക്ക് കൂടെ നിലനിർത്താനുള്ള തീരുമാനത്തിൽ താരവും ക്ലബും സമ്മതിച്ചതോടെയാണ് റയലിന് തിരിച്ചടിയായത്. എംബാപ്പെയെ ടീമിലെത്തിക്കുകയെന്ന മാഡ്രിഡ് പ്രസിഡന്‍റ് ഫ്ളോറെന്‍റിനൊ പെരെസിന്‍റെ സ്വപ്‌നമാണ് അന്ന് തകർന്നത്.
എന്നാൽ എംബാപ്പെയെ ഒരു ഫ്രീ ഏജന്‍റായി ക്ലബ് വിടാന്‍ പിഎസ്‌ജി അധികൃതർ ഒരുക്കമല്ലെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ അടുത്ത സീസണിൽ കരാർ അവസാനിക്കുന്നതിന് മുമ്പായി വലിയ തുകയ്‌ക്ക് താരത്തിന്‍റെ കൈമാറ്റം സാധ്യമാക്കുക എന്നതായിരിക്കും പിഎസ്‌ജിയുടെ ലക്ഷ്യം. അല്ലാത്തപക്ഷം ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്‍റ്‌സിന്‍റെ ഉടമസ്ഥതയിലുള്ള ക്ലബിന് സാമ്പത്തികമായ നേട്ടമുണ്ടാക്കാത്ത ഒരു കരാർ മാത്രമെ സാധ്യമാകൂ. അത്തരത്തിലൊരു സാഹചര്യത്തിലേക്ക് പിഎസ്‌ജി നീങ്ങില്ലെന്നാണ് കണക്കുകൂട്ടലുകൾ. ഇപ്പോഴും എംബാപ്പെയെ വാങ്ങാൻ റയല്‍ മാനേജ്‌മെന്‍റിന് താത്പര്യമുണ്ടെന്നും താരത്തെ അടുത്ത ജനുവരിയിലെങ്കിലും കരാർ ഒപ്പിടാനായി സ്‌പാനിഷ് വമ്പൻമാർ ശ്രമം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
ALSO READ:Kylian Mbappe| മെസിക്ക് പിന്നാലെ എംബാപ്പെയും പിഎസ്‌ജി വിടുന്നു; കരാര്‍ പുതുക്കാനില്ലെന്ന് ക്ലബിനെ അറിയിച്ചു
2017ൽ 190 മില്യൺ ഡോളറിന് മൊണാക്കോയിൽ നിന്നാണ് എംബാപ്പെ പിഎസ്‌ജിയിൽ എത്തുന്നത്. പിഎസ്‌ജിക്കായി ഇതേവരെ 260 മത്സരങ്ങളിൽ നിന്നും 212 ഗോളുകള്‍ നേടിയിട്ടുണ്ട്. ലോക ഫുട്‌ബോളിലെ മികച്ച താരങ്ങളിലൊരാളായി മാറാൻ കഴിവുള്ള എംബാപ്പെ ക്ലബ് വിടുകയാണെങ്കിൽ അത് പിഎസ്‌ജിക്ക് വലിയ രീതിയിൽ ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ.