ദോഹ: ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനയ്‌ക്കെതിരെ ജയിക്കാനായില്ലെങ്കിലും ഫുട്‌ബോള്‍ ലോകത്തിന്‍റെ കയ്യടി നേടാന്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്‌ക്ക് കഴിഞ്ഞിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലുകളിലൊന്നായി അര്‍ജന്‍റീന-ഫ്രാന്‍സ് പോരാട്ടത്തെ അടയാളപ്പെടുത്തിയതിന് മുഖ്യപങ്കാണ് താരത്തിനുള്ളത്.
മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ നിശബ്ദനായി കളിച്ച എംബാപ്പെ രണ്ടാം പകുതിയില്‍ കളം നിറഞ്ഞാടുകയായിരുന്നു. ടീമിനായി അസാധ്യ പ്രകടനം നടത്തിയ താരം ഒടുവില്‍ ഹാട്രിക് തികയ്‌ക്കുകയും ചെയ്‌തു. നിശ്ചിതസമയത്ത് 80, 81 മിനിട്ടുകളിലും അധികസമയത്ത് 118ാം മിനിട്ടിലുമായിരുന്നു എംബാപ്പെയുടെ ഗോളുകളുകള്‍ പിറന്നത്.
എംബാപ്പെയുടെ മികവില്‍ അര്‍ജന്‍റീനയ്‌ക്ക് ഒപ്പത്തിനൊപ്പം പിടിക്കാന്‍ ഫ്രഞ്ച് പടയ്‌ക്ക് കഴിഞ്ഞെങ്കിലും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കാലിടറിയാണ് സംഘത്തിന് കിരീടം കൈമോശം വന്നത്. എന്നാല്‍ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയെ കടത്തിവെട്ടി ടൂര്‍ണമെന്‍റിലെ ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് കിലിയന്‍ എംബാപ്പെ സ്വന്തമാക്കിയിരുന്നു.