സോള്‍:കൊറിയ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡികളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാന്റെ തകുറോ ഹോക്കി-യുഗോ കൊബയാഷി സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. വെറും 40 മിനിട്ടുകള്‍ക്കുള്ളിലാണ് ലോക മൂന്നാം നമ്പറും ടൂര്‍ണമന്റില്‍ മൂന്നാം സീഡുമായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം അഞ്ചാം സീഡായ ജപ്പാന് താരങ്ങളെ അടിയറവ് പറയിച്ചത്. സ്കോര്‍: 21-14 21-17.
മത്സരത്തിന്റെ ആദ്യ സെറ്റിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം നടന്നിരുന്നു. എന്നാല്‍ അനായാസം പോയിന്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ സെറ്റ് പിടിച്ചു. രണ്ടാം സെറ്റില്‍ പതിഞ്ഞ തുടക്കമായിരുന്നു സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് ലഭിച്ചത്. തുടക്കത്തില്‍ 3-6 എന്ന സ്കോറിന് പിന്നിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍.
എന്നാല്‍ തുടര്‍ച്ചയായി പോയിന്റുകള്‍ നേടിക്കൊണ്ട് 14-9 എന്ന സ്കോറില്‍ മുന്നിലെത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞു. വിട്ടുകൊടുക്കാതിരിക്കാന്‍ തയ്യാറല്ലാതിരുന്ന തകുറോ ഹോക്കി-യുഗോ കൊബയാഷി സഖ്യം പൊരുതിക്കളിച്ചതോടെ സ്കോര്‍ 16-16 എന്ന നിലയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ശക്തമായ തിരിച്ചുവന്ന സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെറ്റ് പിടിച്ച് മുന്നേറ്റം ഉറപ്പിക്കുകയായിരുന്നു.
2021ലെ പുരുഷ ഡബിൾസിൽ ലോക ചാമ്പ്യൻമാരായ ചൈനയുടെ രണ്ടാം സീഡ് വെയ് കെങ് ലിയാങ്-ചാങ് വാങ് സഖ്യമാണ് അടുത്ത റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ എതിരാളി. മറ്റ് മുന്‍ നിര താരങ്ങളായ പിവി സിന്ധു, എച്ച്എസ് പ്രണോയ്, കിഡംബി ശ്രീകാന്ത് തുടങ്ങിയവര്‍ നേരത്തെ തന്നെ പുറത്തായതോടെ നിലവില്‍ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് സാത്വിക് സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും.