കേരളം

kerala

ETV Bharat / sports

കൊറിയ ഓപ്പൺ | ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ക്ക് മുട്ടിടിച്ചു ; കിരീടം തൂക്കി സാത്വിക്‌ - ചിരാഗ് സഖ്യം

കൊറിയ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്‍റോ സഖ്യത്തെ തോല്‍പ്പിച്ച് ഇന്ത്യയുടെ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം

Korea Open  Korea Open 2023  Chirag Shetty  Satwiksairaj Rankireddy  Satwiksairaj Chirag win Korea Open  Fajar ALfian  Muhammad Rian Ardianto  കൊറിയ ഓപ്പൺ  കൊറിയ ഓപ്പൺ 2023  സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി  ചിരാഗ് ഷെട്ടി
കിരീടം തൂക്കി സാത്വിക്‌- ചിരാഗ് സഖ്യം

By

Published : Jul 23, 2023, 3:49 PM IST

സോള്‍ : കൊറിയ ഓപ്പൺ സൂപ്പർ 500 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിലും വിജയക്കൊടി പാറിച്ച് ഇന്ത്യയുടെ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഡബിള്‍സിന്‍റെ കലാശപ്പോരില്‍ ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്‍റോ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം കളിപിടിച്ചത്.

40 മിനിട്ടുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ ആദ്യ സെറ്റ് നഷ്‌ടപ്പെട്ടതിന് ശേഷം പിന്നില്‍ നിന്നാണ് ഇന്ത്യന്‍ താരങ്ങള്‍ പൊരുതിക്കയറിയത്. സ്‌കോര്‍: 17-21, 21-13, 21-14.മത്സരത്തില്‍ മോശം തുടക്കമായിരുന്നു സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിന് ലഭിച്ചത്. ആദ്യ സെറ്റിന്‍റെ ഇടവേളയില്‍ 11-4 എന്ന സ്‌കോറിന് മുന്നിലെത്താന്‍ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്‍റോ സഖ്യത്തിന് കഴിഞ്ഞിരുന്നു. തുടര്‍ന്നും തങ്ങളുടെ ആധിപത്യം നിലനിര്‍ത്തിയ ഇന്തോനേഷ്യന്‍ താരങ്ങള്‍ 19-10 എന്ന നിലയിലേക്ക് കളി എത്തിച്ചു.

പിന്നീട് തുടര്‍ച്ചയായി ആറ് പോയിന്‍റുകള്‍ നേടിയ ലോക മൂന്നാം നമ്പറായ ഇന്ത്യന്‍ താരങ്ങള്‍ തിരിച്ചുവരവിന് ശ്രമിച്ചുവെങ്കിലും ആദ്യ സെറ്റ് കൈപ്പിടിയിലൊതുക്കാന്‍ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്‍റെ സഖ്യത്തിന് കഴിഞ്ഞു. എന്നാല്‍ രണ്ടാം സെറ്റിന്‍റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കാണാന്‍ കഴിഞ്ഞത്. ഒരു ഘട്ടത്തില്‍ 6-6 എന്ന നിലയില്‍ സമനിലയിലായിരുന്നു സ്‌കോര്‍.

ഇതിന് ശേഷം പതിയെ ആധിപത്യം സ്ഥാപിച്ച സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം മത്സരം 11-8 എന്ന നിലയിലേക്ക് എത്തിച്ചു. തുടര്‍ന്ന് കടുത്ത ആക്രമണം അഴിച്ചുവിട്ട ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ കാര്യമായ പോരാട്ടമില്ലാതെയാണ് ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്‍റെ സഖ്യം സെറ്റ് കൈവിട്ടത്.

ഇതോടെ മത്സരം മൂന്നാം സെറ്റിലേക്ക് നീണ്ടു. വിജയികളെ നിര്‍ണയിക്കുന്നതില്‍ ഏറെ നിര്‍ണായകമായ മൂന്നാം സെറ്റിലും ഇന്ത്യന്‍ താരങ്ങള്‍ ആധിപത്യം പുലര്‍ത്തി. ഇടവേളയ്‌ക്ക് പിരിയും മുമ്പ് 11-8 എന്ന സ്‌കോറിന് ലീഡെടുക്കാന്‍ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യത്തിന് കഴിഞ്ഞിരുന്നു. തുടര്‍ന്നും ലോക ഒന്നാം നമ്പര്‍ സഖ്യത്തിനെതിരെ സമ്മര്‍ദം ചെലുത്തിയ ഇന്ത്യന്‍ താരങ്ങള്‍ 18-12 എന്ന നിലയിലേക്ക് ലീഡുയര്‍ത്തി. പിന്നീട് കാര്യമായ പോരാട്ടമില്ലാതെയാണ് ഇന്തോനേഷ്യന്‍ താരങ്ങള്‍ സെറ്റും മത്സരവും കൈവിട്ടത്.

ALSO READ:'ഗോളടിച്ചാൽ മെസി ഫാന്‍' ; മാജിക് ഗോളില്‍ കണ്ണുതള്ളി ഐഷോസ്‌പീഡ്, 'ക്രിസ്റ്റ്യാനോയുടെ ജഴ്‌സി' ഊരിമാറ്റി ആഘോഷം

കഴിഞ്ഞ മാസം ഇന്തോനേഷ്യ ഓപ്പൺ സൂപ്പർ 1000 വിജയിച്ചതിന് ശേഷം സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം കളിച്ച ആദ്യ ടൂര്‍ണമെന്‍റായിരുന്നു ഇത്. സെമി ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ ലോക രണ്ടാം നമ്പർ ജോഡിയായ ലിയാങ് വെയ് കെങ്ങിനെയും വാങ് ചാങ്ങിനെയുമായിരുന്നു സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം വീഴ്‌ത്തിയത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ മത്സരം പിടിച്ചത്. സ്‌കോര്‍: 21-15, 24-22.

ABOUT THE AUTHOR

...view details