സുഞ്ചിയോൺ :കൊറിയൻ ഓപ്പണ്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡി. ഇന്ത്യന്‍ താരങ്ങളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ സിങ്കപ്പൂരിന്‍റെ ഹീ യോങ് ടെറി- ലോഹ് കീന്‍ ഹീന്‍ സഖ്യത്തെയാണ് മൂന്നാം സീഡായ ഇന്ത്യന്‍ ജോഡി കീഴടക്കിയത്. 36 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന്‍റെ ജയം. സ്‌കോര്‍: 21-15, 21-19.
മത്സരത്തിന്‍റെ തുടക്കം മുതല്‍ അനായാസ മുന്നേറ്റം നടത്തിയ ഇന്ത്യന്‍ സഖ്യത്തിന് രണ്ടാം സെറ്റിലാണ് സിങ്കപ്പൂര്‍ താരങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയത്. എന്നാല്‍ സെറ്റ് കൈവിടാതിരുന്ന ഇന്ത്യന്‍ സഖ്യം ഏകപക്ഷീയമായി തന്നെ മത്സരവും പിടിച്ചു.
നേരത്തെ ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡൽ ജേതാവ് പിവി സിന്ധുവും ചാമ്പ്യൻഷിപ്പിന്‍റെ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. ജപ്പാന്‍റെ അയാ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപ്പിച്ചത്. 37 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരം ജയം പിടിച്ചത്. സ്‌കോർ: 21-15, 21-10.
also read: UCL | മിന്നലായി ബെൻസേമ; ചെൽസിയോട് കണക്ക് തീർത്ത് റയൽ, ബയേണിനെ അട്ടിമറിച്ച് വിയ്യാറയല്‍
ആദ്യ ഗെയിമിൽ ഒഹോരി 8-7 ന് ലീഡ് നേടിയെങ്കിലും, മികച്ച പ്രകടനത്തിലൂടെ 21-15 ന് സിന്ധു ആദ്യ സെറ്റ് നേടി. 8-4 ന്‍റെ ലീഡുമായി രണ്ടാം സെറ്റിൽ ജപ്പാൻ താരം തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും അടുത്ത 19 പോയിന്‍റിൽ 17 എണ്ണം നേടിയ ഇന്ത്യൻ താരം സെറ്റും മത്സരവും സ്വന്തം പേരിലാക്കി. ക്വാർട്ടറിൽ തായ്‌ലൻഡ് താരം ബുസാനൻ മൂന്നാം സീഡായ ഇന്ത്യൻ താരത്തിന്‍റെ എതിരാളി.
അതേസമയം രണ്ടാം റൗണ്ടിൽ തോറ്റ ലക്ഷ്യ സെൻ, മാളവിക ബൻസോദ് എന്നിവർ ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായി.