ന്യൂഡല്‍ഹി : ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ കൊവിഡ് പ്രതിസന്ധി. ഇന്ത്യയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ടോപ് സീഡുമായ കിഡംബി ശ്രീകാന്ത് ഉള്‍പ്പടെ ഏഴ് ഇന്ത്യന്‍ കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിർബന്ധിത ആർടി-പിസിആർ ടെസ്റ്റിലാണ് കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് തവണ സ്വര്‍ണ മെഡല്‍ നേടിയ അശ്വിനി പൊന്നപ്പ, ഋതിക രാഹുല്‍, ട്രീസ ജോളി, മിഥുന്‍ മഞ്ജുനാഥ്, സിമ്രാന്‍ അമന്‍, ഖുശി ഗുപ്ത എന്നീ താരങ്ങള്‍ക്കാണ് ശ്രീകാന്തിനെ കൂടാതെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഡബിൾസ് താരങ്ങളേയും ടൂര്‍ണമെന്‍റില്‍ നിന്നും പിൻവലിച്ചതായി ബാഡ്‌മിന്‍റൺ വേൾഡ് ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) പ്രസ്താവനയിൽ പറഞ്ഞു.