ഗുല്‍മാർഗ്: കശ്‌മീരിനെ വരും കാലങ്ങളിലും പിന്തുണക്കുമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു. ഖേലോ ഇന്ത്യ ശീതകാല ഗെയിംസ് കശ്‌മീരിലെ ഗുല്‍മാർഗില്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവർത്തനങ്ങളിലൂടെ കശ്‌മീരിലെ കായിക, വിനോദസഞ്ചാര മേഖലകളില്‍ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് സംസ്ഥാനത്തെ യുവജനങ്ങളുടെ പുരോഗതിക്കായി കൂടുതല്‍ പ്രവർത്തനങ്ങൾ കാഴ്‌ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
കശ്‌മീരിനെ വരും കാലങ്ങളിലും പിന്തുണക്കും: കിരണ്‍ റിജിജു
ഗുല്‍മാർഗില്‍ പുരോഗമിക്കുന്ന രണ്ടാം പാദ ഖേലോ ഇന്ത്യ ശീതകാല ഗെയിംസ് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ഉദ്‌ഘാടനം ചെയ്‌തു
പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ കായിക വികസനം ലക്ഷ്യമിട്ട് 250-തോളം സ്പോർട്‌സ് കിറ്റുകൾ വിതരണം ചെയ്‌തു. ഉദ്‌ഘാടനത്തോടനുബന്ധിച്ച് വിവിധ സാംസ്ക്കാരിക പരിപാടികളും നടന്നു. മൂന്ന് പാദങ്ങളിലായാണ് ശീതകാല ഗെയിംസ് നടക്കുന്നത്. നേരത്തെ ഗെയിംസിന്‍റെ ആദ്യപാദ മത്സരം ലഡാക്ക് മേഖലയില്‍ വെച്ച് സംഘടിപ്പിച്ചിരുന്നു. രണ്ടാം പാദ മത്സരങ്ങളാണ് ഇപ്പോൾ ഗുല്‍മാർഗില്‍ നടന്നുവരുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾ മാർച്ച് 11-ന് സമാപിക്കും. 20 സംസ്ഥാനങ്ങളില്‍ നിന്നും 900-ത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും.