ബ്രസ്സൽസ് : ബെല്‍ജിയം ദേശീയ ഫുട്‌ബോള്‍ ടീമിന്‍റെ ക്യാപ്റ്റനായി പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റാർ മിഡ് ഫീൽഡർ കെവിൻ ഡി ബ്രൂയ്‌നെ നിയമിച്ചു. ഖത്തര്‍ ലോകകപ്പിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ഈഡൻ ഹസാർഡിന്‍റെ പിന്‍ഗാമിയായാണ് കെവിൻ ഡി ബ്രൂയ്‌ന്‍ എത്തുന്നത്. ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഡി ബ്രൂയ്ൻ സംസാരിക്കുന്ന ഒരു വീഡിയോ ബെല്‍ജിയം റെഡ് ഡെവിള്‍സ് പുറത്തുവിട്ടിട്ടുണ്ട്.
ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത് വലിയ ബഹുമതിയാണെന്ന് 31കാരന്‍ പ്രതികരിച്ചു. "ദേശീയ ടീമിന്‍റെ ക്യാപ്റ്റനാകാൻ കഴിയുന്നത് അഭിമാന നിമിഷമാണ്. ബെൽജിയത്തെ, ഒരു ഫുട്ബോളറെന്ന നിലയിൽ വളരെക്കാലമായി പ്രതിനിധീകരിക്കുന്നു. ഇപ്പോള്‍ ക്യാപ്റ്റെന്ന നിലയില്‍ ടീമിനെ പ്രതിനിധീകരിക്കുന്നത് വലിയ ബഹുമതിയാണ്.
ആ റോൾ നന്നായി നിറവേറ്റാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" - കെവിൻ ഡി ബ്രൂയ്‌ന്‍ പറഞ്ഞു. അതേസമയം ചില മത്സരങ്ങളില്‍ ബെല്‍ജിയത്തെ നേരത്തെ കെവിൻ ഡി ബ്രൂയ്‌ന്‍ നയിച്ചിട്ടുണ്ട്. 2022ലെ ഖത്തര്‍ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെയായിരുന്നു താരം അവസാനമായി ടീമിന്‍റെ ക്യാപ്റ്റന്‍സി കൈകാര്യം ചെയ്‌തത്.
റയൽ മാഡ്രിഡിന്‍റെ ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസ്, ഇന്‍റർമിലാന്‍ ഫോർവേഡ് റൊമേലു ലുക്കാക്കു എന്നിവരുടെ പേരുകളും നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഒടുവില്‍ ഡിബ്രൂയ്‌ന് നറുക്ക് വീഴുകയായിരുന്നു. ഇതേവരെ രാജ്യത്തിനായി 97 മത്സരങ്ങൾ കളിച്ച വെറ്ററന്‍ മിഡ്‌ഫീല്‍ഡര്‍ 25 ഗോളുകളും നേടിയിട്ടുണ്ട്.
അതേസമയം ഖത്തര്‍ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നുള്ള ബെല്‍ജിയത്തിന്‍റെ നിരാശാജനകമായ പുറത്താവലിന് പിന്നാലെയാണ് ഈഡൻ ഹസാർഡ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു 32കാരനായ താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത്. ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കുന്നതായി താരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.
കെവിൻ ഡി ബ്രൂയ്ൻ, റൊമേലു ലുക്കാക്കു, ഡ്രൈസ് മെർട്ടൻസ്, കോർട്ടോയിസ് തുടങ്ങിയവര്‍ക്കൊപ്പം ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറയിലെ പ്രധാനിയായ താരമായിരുന്നു ഈഡൻ ഹസാർഡ്. ഇവരുടെ തിളക്കത്തില്‍ 2018ലെ ലോകകപ്പില്‍ ബെല്‍ജിയത്തിന് ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ സെമിയില്‍ ഫ്രാന്‍സിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍വി വഴങ്ങിയ സംഘം പുറത്തായി.
ALSO READ: മറഡോണ യുഗത്തിന് ശേഷം സിരി എ കിരീടം ലക്ഷ്യമിട്ട് നാപോളി; ലുസിയാനോ സ്പെല്ലെറ്റിയും സംഘവും ചരിത്രത്തിലേക്ക്
ലോക രണ്ടാം നമ്പര്‍ ടീമായി ഖത്തര്‍ ലോകകപ്പിനെത്തുമ്പോഴും ഫേവറേറ്റുകളുടെ പട്ടികയില്‍ ബെല്‍ജിയം മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാം സ്ഥാനക്കാരായാണ് സംഘത്തിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. ഇതിന് പിന്നാലെ പരിശീലകനായിരുന്ന റോബർട്ടോ മാർട്ടിനെസിന് സ്ഥാനം നഷ്‌ടമാവുകയും ചെയ്‌തിരുന്നു.
ഇനി കെവിൻ ഡി ബ്രൂയ്‌ന് കീഴില്‍ പുതിയ തുടക്കമാണ് ബെല്‍ജിയം ലക്ഷ്യം വയ്‌ക്കുന്നത്. യൂറോ കപ്പ് യോഗ്യത മത്സത്തിലാണ് മുഴുവന്‍ സമയം ക്യാപ്റ്റനെന്ന നിലയില്‍ 31കാരന്‍ അരങ്ങേറ്റം നടത്തുക. മാര്‍ച്ച് 25ന് സ്വീഡനെതിരെയാണ് ടീമിന്‍റെ ആദ്യ മത്സരം.