പനാജി :ബീച്ച് സോക്കറിൽ ആധിപത്യം തുടർന്ന് കേരളം. ഗോവയിൽ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസിൽ ബീച്ച് സോക്കർ വിഭാഗത്തിൽ സ്വർണം നേടിയാണ് പൂഴിപ്പരപ്പിലെ ഫുട്‌ബോളിൽ തങ്ങൾക്ക് എതിരാളികളില്ലെന്ന് അരക്കിട്ടുറപ്പിച്ചത്. ആതിഥേയരായ ഗോവയെ അവരുടെ സ്വന്തം ആരാധകർക്ക് മുന്നിൽ തകർത്തെറിഞ്ഞാണ് കേരള ഫുട്‌ബോളിന് മറ്റൊരു പൊൻതൂവൽ സമ്മാനിച്ചത്. പഞ്ചാബിനെ 4-2ന് തോൽപ്പിച്ച ലക്ഷദ്വീപിനാണ് വെങ്കലം.
ഗോവയിലെ കോൾവ ബീച്ചിൽ നടന്ന ആവേശകരമായ ഫൈനലില്‍ ആകെ 12 ഗോളുകള്‍ പിറന്നപ്പോള്‍ അഞ്ചിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്‍റെ വിജയം. മറ്റു എതിരാളികളിൽ നിന്നും വ്യത്യസ്‌തമായി ഗോവയിൽ നിന്നുള്ള കടുത്ത വെല്ലുവിളി മറികടന്നാണ് കേരളത്തിന്‍റെ കിരീടധാരണം. കേരളത്തിനായി മൂഷീർ ഹാട്രിക് നേടിയപ്പോൾ രോഹിത്, ഉമറുൽ മുഖ്‌താർ, മുഹമ്മദ് ഉനൈസ്, അലി അക്‌ബർ എന്നിവർ ഗോൾപട്ടികയിൽ ഇടംപിടിച്ചു. ഗോവയ്ക്ക് വേണ്ടി പെഡ്രോ അന്‍റോണിയോ ഗോൺസാൽവസ് (2), റിച്ചാർഡ് കാർഡോസ് (2), കാൾ ജോഷ്വ ഡിസൂസ, കാശിനാഥ് സുഭാഷ് റാത്തോഡ് എന്നിവർ ഗോൾ നേടി.
നേരത്തെ സെമിഫൈനലില്‍ പഞ്ചാബിനെയാണ് കേരളം തോല്‍പ്പിച്ചത്. മൂന്നിനെതിരെ പതിനൊന്ന് ഗോളുകള്‍ക്ക് വളരെ ആധികാരികമായിരുന്നു കേരളത്തിന്‍റ വിജയം. കേരള താരങ്ങളേക്കാൾ ഉയരവും ശാരീരികക്ഷമതയുമുള്ള പഞ്ചാബിനെതിരെ പാസിങ് ഗെയിമിലൂടെയായിരുന്നു കേരളം കളിപിടിച്ചത്. ആദ്യമായാണ് ബീച്ച് സോക്കർ ദേശീയ ഗെയിംസിൽ മത്സര ഇനമായി ഉൾപ്പെടുത്തുന്നത്.