മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്‍റിൽ സെമി ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങുന്നു. രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വടക്കുകിഴക്കൻ ശക്‌തികളായ മേഘാലയയാണ് എതിരാളി. ആറ് പോയിന്‍റുമായി ഗ്രൂപ്പ് എയില്‍ മുന്നിലാണ് നിലവില്‍ കേരളം.
പരമ്പരാഗത വൈരികളായ ബംഗാളിനെ രണ്ട് ഗോളിന് മറികടന്നാണ് കേരളം വരുന്നത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാനെയും തോൽപ്പിച്ചിരുന്നു. സ്‌ട്രൈക്കര്‍മാരായ സഫ്‌നാദും വിക്‌നേഷും കൃത്യമായി ലക്ഷ്യം കണ്ടെത്തിയാൽ കേരളത്തിന് മത്സരം അനായാസമാകും. തിങ്ങിനിറയുന്ന ആരാധക കൂട്ടമാണ് കേരളത്തിന്‍റെ മറ്റൊരു ശക്തികേന്ദ്രം. മേഘാലയക്കെതിരായ മത്സരത്തിൽ കൂടുതല്‍ താരങ്ങള്‍ക്ക് കോച്ച് അവസരം നല്‍കിയേക്കും.