മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടത്തിന്‍റെ പുതിയ അവകാശിയെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ ആരവങ്ങള്‍ക്കിടയില്‍ കേരളവും പശ്ചിമ ബംഗാളുമാണ് കിരീടത്തിനായി പോരടിക്കുക. വൈകീട്ട് എട്ടിനാണ് മത്സരം ആരംഭിക്കുക. ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ ഫേസ്ബുക്ക് പേജിൽ മത്സരത്തിന്‍റെ തത്സമയം സംപ്രേഷണം ലഭ്യമാണ്.
ടൂര്‍ണമെന്‍റില്‍ 75ാം പതിപ്പില്‍ കേരളം ഏഴാം കിരീടം ലക്ഷ്യം വെയ്‌ക്കുമ്പോള്‍ 33ാം കിരീടമാണ് ബംഗാളിന്‍റെ ഉന്നം. കേരളം തങ്ങളുടെ 15ാം ഫൈനലിനിറങ്ങുമ്പോള്‍ ബംഗാളിനിത് 46ാം ഫൈനലാണ്. ചരിത്രത്തില്‍ മുന്‍തൂക്കം ബംഗാളിനുണ്ടെങ്കിലും സ്വന്തം നാട്ടില്‍ നടക്കുന്ന പോരില്‍ ഫോമിലുള്ള കേരളത്തെ കീഴടക്കുക എളുപ്പമാകില്ല.
നേരത്തെ മൂന്ന് തവണയാണ് സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ കേരളവും ബംഗാളും ഏറ്റുമുട്ടിയത്. രണ്ട് തവണ (1989, 1994) ബംഗാള്‍ ജയിച്ചപ്പോള്‍ ഒരു തവണ കപ്പുയര്‍ത്താന്‍ കേരളത്തിനായി. 2018ല്‍ ബംഗാളിനെ അവരുടെ തട്ടകത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് കേരളം മറികടന്നത്.