ഫറ്റോര്‍ഡ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഷീല്‍ഡ് ജേതാക്കളായ ജംഷഡ്‌പൂര്‍ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ മലയാളി താരം സഹല്‍ അബ്‌ദുൽ സമദാണ് വിജഗോള്‍ നേടിയത്. ജയത്തോടെ ഫൈനലിലേക്ക് ഒരു പടി കൂടി അടുത്ത ബ്ലാസ്റ്റേഴ്‌സിന് 15ന് നടക്കുന്ന രണ്ടാംപാദത്തിൽ സമ്മർദമില്ലാതെ കളത്തിലിറങ്ങാം.
ആദ്യപകുതിയില്‍ നിരന്തരം ആക്രമണങ്ങളുമായി ജംഷഡ്‌പൂര്‍ ഗോളിന് അടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. മത്സരത്തിന്‍റെ ജംഷഡ്‌പൂര്‍ പത്താം മിനിറ്റില്‍ ഡാനിയേല്‍ ചീമയിലൂടെ ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും ഭാഗ്യം ബ്ലാസ്റ്റേഴ്‌സിനൊപ്പമായിരുന്നു. ഡങ്കല്‍ ബോക്‌സിലേക്ക് ഹെഡ് ചെയ്‌ത് നല്‍കിയ പന്തില്‍ ചീമ തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.
പിന്നീട് ഒന്നിന് പുറകെ ഒന്നായി ആക്രമണങ്ങളുമായി ജംഷഡ്‌പൂര്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖം വിറപ്പിച്ചു. 26-ാം മിനിറ്റില്‍ ലൂണയുടെ കോര്‍ണര്‍ പേരേര ഡയസിന്‍റെ തലപ്പാകത്തില്‍ എത്തിയെങ്കിലും അതിനുമുമ്പെ പീറ്റർ ഹാര്‍ട്‌ലി അപകടം ഒഴിവാക്കി.