ഗോവ : ഐ.എസ്.എല്‍ ആദ്യ പാദ സെമിയില്‍ നാളെ കേരളം ജംഷഡ്‌പൂരിനെ നേരിടും. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തില്‍ നാളെ വൈകീട്ട് 7.30 നാണ് കേരളത്തിന്‍റെ മത്സരം. ലീഗ് ഘട്ടത്തില്‍ ജംഷഡ്‌പൂരിനെ തോല്‍പ്പിക്കാനായിട്ടില്ലെങ്കിലും ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് നാളെ കളത്തിലിറങ്ങുന്നതെന്ന് കോച്ച് വുകോമനോവിച്ച് പറഞ്ഞു.
ആദ്യമായി ഐഎസ്‌എൽ സെമിയിലെത്തിയ ജംഷഡ്‌പൂർ എഫ്‌സി തുടർച്ചയായി ഏഴ് മത്സരങ്ങൾ വിജയിച്ച് പരിശീലകന്‍ ഓവൻ കോയിലിന് കീഴിൽ തകർപ്പൻ ഫോമിലാണ്. അവസാന ലീഗ് മത്സരത്തിൽ എടികെ മോഹൻ ബഗാനെ 1-0 ന് തോൽപ്പിച്ച് അവരുടെ ആദ്യ ലീഗ് ഷീൽഡ് സ്വന്തമാക്കി.
മറുവശത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആറ് വർഷത്തിന് ശേഷമാണ് സെമിയിലെത്തുന്നത്. തങ്ങളുടെ അവസാന പോരാട്ടത്തിൽ എഫ്‌സി ഗോവയ്‌ക്കെതിരായ ആവേശപ്പോരാട്ടത്തിൽ 4-4 ന്‍റെ സമനില വഴങ്ങി.
ജംഷഡ്‌പൂരില്‍ നിന്ന് കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നു ; വുകോമനോവിച്ച്
ജംഷഡ്‌പൂര്‍ എഫ് സിക്കെതിരെ ഇറങ്ങുമ്പോള്‍ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങള്‍ ഇനി അപ്രസക്തമാണ്. എങ്കിലും ജംഷഡ്‌പൂരില്‍ നിന്ന് കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നു.
ബ്ലാസ്റ്റേഴ്‌സ് നിരയില്‍ കളിക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കില്ല. ദേനചന്ദ്ര മേറ്റേയി ഒഴികെ എല്ലാവരും ഇന്നലെ നടന്ന പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. ക്ലബ്ബ് എന്ന നിലയില്‍ തുടങ്ങിയ സമയത്തേക്കാള്‍ ബ്ലാസ്റ്റേഴ്‌സ് ഏറെ പുരോഗമിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധകര്‍ക്ക് മുമ്പില്‍ ഇത്തരമൊരു പ്രകടനം നടത്താന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. വുകോമനോവിച്ച് കൂട്ടിച്ചേർത്തു.
ആരാധകർക്കായി ഫാൻപാർക്ക് തുറക്കും
ഗോവയിൽ കാണികളെ പ്രവേശിപ്പിക്കാത്ത സ്റ്റേഡിയത്തിലാണ് പ്ലേ ഓഫ് മത്സരം നടക്കുന്നത്. എന്നാൽ മത്സരം കൊച്ചിയിൽ ലൈവ് കാണുന്നതിന്‍റെ ആവേശമൊരുക്കാനാണ് ക്ലബ് മാനേജ്മെന്‍റ് തയ്യാറെടുക്കുന്നത്. നാളെ ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായ കലൂർ ജവർലാൽ നെഹ്റു സ്റ്റേഡിയത്തിനടുത്ത് ആരാധകർക്കായി ലൈവ് സ്ക്രീനിങ് സംഘടിപ്പിച്ചിരിക്കുകയാണ് ക്ലബ്.
ALSO READ:അബ്രമോവിച്ചിനെതിരെ ശിക്ഷാനടപടിയുമായി ബ്രിട്ടീഷ് ഗവൺമെന്‍റ്, ചെൽസിയുടെ വിൽപ്പന തടഞ്ഞു
സ്റ്റേഡിയത്തിനുപുറത്ത് വൈകിട്ട് 5.30 മുതൽ ഫാൻപാർക്ക് തുറക്കും. ആരാധകരെ മുഴുവൻ ഒരുമിച്ച് കളി കാണാൻ ക്ഷണിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഫേസ്ബുക്കില്‍ കുറിച്ചു. അവസാനമായി നടന്ന രണ്ട് ഐ.എസ്.എല്‍ സീസണുകളിലും ഒത്തുകൂടാൻ കഴിയാത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു സുവർണ്ണാവസരമാകും ഇത്.