പനാജി : ഐഎസ്‌എല്‍ ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഫത്തോഡ സ്റ്റേഡിയത്തിന് പുറത്ത് ആവേശക്കടലായി ആരാധകര്‍. നിരവധി ആരാധകരാണ് മുദ്രാവാക്യങ്ങള്‍ മുഴക്കിയും പാട്ടുപാടിയും ഫാന്‍ പാര്‍ക്കിലെത്തിയിരിക്കുന്നത്.
ആരാധകരുടെ സാന്നിധ്യം ടീമിന് കരുത്താവുമെന്ന് വ്യക്തമാക്കിയ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമാനോവിച്ച് എല്ലാവരോടും കളി കാണാനെത്താനാവശ്യപ്പെട്ടിരുന്നു. ഇതോടനുബന്ധിച്ച് ശനിയാഴ്ച തന്നെ നൂറുകണക്കിന് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഗോവയില്‍ എത്തിയിരുന്നു.
18,000 കാണികളെ ഉള്‍ക്കൊള്ളാനാവുന്നതാണ് ഫത്തോഡ സ്റ്റേഡിയം. ഫൈനലിനുള്ള മുഴുവന്‍ ടിക്കറ്റുകളും നേരത്തേ തന്നെ വിറ്റ് തീര്‍ന്നിരുന്നു. ഇതില്‍ ഭൂരിഭാഗവും വാങ്ങിയത് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരാണ്. ടിക്കറ്റ് ലഭിക്കാത്ത ആരാധരും സ്റ്റേഡിയത്തിന് പുറത്തുണ്ട്. പാസുകള്‍ വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാവുമെന്നാണ് ഇവരുടെ കണക്ക് കൂട്ടല്‍.
ആരോഗ്യ പ്രശ്‌നങ്ങളുള്ള ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ കളിച്ചേക്കില്ലെന്ന് വുകോമാനോവിച്ച് സൂചന നല്‍കിയിരുന്നുവെങ്കിലും, സ്വപ്‌ന ഫൈനലിന് മുന്നില്‍ നിന്നും നയിക്കാന്‍ ലൂണയുണ്ടാവണമെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. രണ്ട് തവണ വഴുതിപ്പോയ കിരീടം ഇത്തവണ മഞ്ഞപ്പട സ്വന്തമാക്കുമെന്നാണ് ഇവര്‍ പറയുന്നത്.
അതേസമയം മത്സരത്തിന് മുന്നോടിയായി ബ്ലാസ്‌റ്റേഴ്‌സിന്‍റേയും ഹൈദരാബാദിന്‍റേയും താരങ്ങള്‍ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയത്. രാത്രി 7.30നാണ് ഹൈദരാബാദ് എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ മത്സരം നടക്കുക. ഇരു ടീമുകളും കന്നി കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നതെങ്കിലും ഹൈദരാബാദിന് ആദ്യ ഫൈനലും ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ഫൈനലുമാണിത്.