കൊൽക്കത്ത : ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ നാലാം ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാള്‍ ആണ് മഞ്ഞപ്പടയുടെ എതിരാളികൾ. കൊച്ചിയിൽ ഒഡിഷയ്‌ക്കെതിരെ പൊരുതി നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇവാൻ വുകൊമനോവിച്ചും സംഘവും ബംഗാൾ പടയെ നേരിടുക. വൈകിട്ട് 7.30നാണ് മത്സരം.
മികച്ച ഫോമിലുള്ള നായകൻ അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമെന്‍റകോസ് എന്നവരുടെ പരിചയസമ്പത്താണ് മുന്നേറ്റനിരയുടെ കരുത്ത്. നിർണായകമായ പെനാൽറ്റി സേവിലൂടെ ഒഡിഷയ്‌ക്കെതിരായ വിജയത്തിൽ പ്രധാന പങ്കുവഹിച്ച മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷും മികച്ച ഫോമിലാണ്. ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിൽ ചേർന്ന സെന്‍റർ ഫോർവേഡ് ഖ്വാമെ പെപ്ര താളം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. അഞ്ച് മത്സരങ്ങളിലും ആദ്യ ഇലവനിൽ കളത്തിലിറങ്ങിയെങ്കിലും 22-കാരനായ ഘാന താരത്തിനെ ഗോളോ അസിസ്റ്റോ നേടാനായിട്ടില്ല. സസ്‌പെൻഷനിലായ പ്രബീര്‍ ദാസ്, മിലോസ് എന്നിവരൊഴികെ ബാക്കിയെല്ലാവരും മത്സരത്തിന് സജ്ജമാണ്.
അതേസമയം എതിരാളികളായ ഈസ്റ്റ് ബംഗാളിന്‍റെ ഈ സീസണിലെ പ്രകടനം അത്ര മികച്ചതല്ല. നാല് മത്സരങ്ങളിൽ ഇതുവരെ നേടാനായത് ഒരു ജയം മാത്രം. രണ്ട് തോൽവിയും ഒരു സമനിലയുമടക്കം നാല് പോയിന്‍റുമായി ടേബിളിൽ ഒമ്പതാമതാണ്. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച ഹർമൻജ്യോത് ഖബ്രയും ഗോൾകീപ്പർ പ്രഭ്‌സുഖൻ ഗില്ലും ഇത്തവണ ഈസ്റ്റ് ബംഗാൾ നിരയിലാണ്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിനെ തോൽപിച്ചതിന്‍റെ ഓർമകളുമായിട്ടായിരിക്കും ഈസ്റ്റ് ബംഗാൾ പന്ത് തട്ടുക.