ഹൈദരാബാദ്: ഇന്ത്യൻ ദേശീയ ടീമുമായി സൗഹൃദ മത്സരം കളിക്കാൻ തയ്യാറാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. അത് തനിക്ക് സന്തോഷം നൽകുന്നതാണ്. ഇന്ത്യൻ ദേശീയ ടീമിന്‍റെ പരിശീലന ക്യാമ്പും മത്സരങ്ങളും കേരളത്തിൽ നടത്തണമെന്ന ഇന്ത്യൻ പരിശീലകൻ സ്റ്റിമാചിന്‍റെ ട്വീറ്റിന് മറുപടി ആയാണ് വുകമനോവിച്ചിന്‍റെ പ്രതികരണം.
'ഇന്ത്യൻ ക്യാമ്പ് കേരളത്തിൽ നടക്കുകയാണെങ്കിൽ അതിനർത്ഥം കേരള ബ്ലാസ്റ്റേഴ്‌സും ദേശീയ ടീമും തമ്മിൽ സൗഹൃദ മത്സരം നടക്കുമെന്നാണ് തന്‍റെ പ്രതീക്ഷ. അത് തനിക്ക് ഇഷ്‌ടമുള്ള കാര്യമാണെന്നും കേരളം തയ്യാറായി ഇരിക്കണമെന്നും' ഇവാൻ പറഞ്ഞു.
സെപ്റ്റംബറിൽ ആണ് ഇന്ത്യൻ ടീം കേരളത്തിൽ ക്യാമ്പ് നടത്തുക. ആ സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സ് കേരളത്തിൽ പരിശീലനം നടത്താൻ സാധ്യതയുണ്ട്. അങ്ങനെ ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സും ഇന്ത്യൻ ദേശീയ ടീമും തമ്മിൽ ഒരു മത്സരം കാണാൻ ആരാധകർക്ക് അവസരമൊരുങ്ങും.
നന്ദി കേരള, വാതിലുകള്‍ എനിക്കായി തുറന്നിടുന്നതില്‍; അതോടൊപ്പം തന്നെ ഇവാന്‍ വുകോമനോവിച്ചിന്‍റെ 45-ാം പിറന്നാൾ ആയിരുന്നു ഇന്നലെ. ജന്മദിനത്തിൽ തന്നെ തേടിയെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആശംസകൾക്ക് നന്ദിയുമായി ഇവാന്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ വീടുകളുടെ വാതിൽ തനിക്കായി തുറന്നതിൽ നന്ദിയുണ്ടെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ട്വിറ്ററിൽ കുറിച്ചത്.
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹം മനംനിറച്ചെന്നും, നന്ദിയെന്ന് ഒറ്റവാക്കിൽ പറയാനാകുന്നതല്ല ആരാധകരോടുള്ള കടപ്പാട്. എക്കാലവും ഓർമിക്കുന്ന വിജയക്കുതിപ്പ് ഒരുമിച്ച് നടത്താനായതിൽ സന്തോഷമെന്നും കഴിഞ്ഞ സീസണിലെ ഫൈനൽ ഓർമിപ്പിച്ച് ഇവാൻ വുകോമനോവിച്ച് കുറിച്ചു.
ഐഎസ്എല്ലിന് ശേഷം ജൻമനാടായ ബെൽജിയത്തിലെ മടങ്ങിയ വുകോമനോവിച്ച് അടുത്തമാസം കൊച്ചിയിലെത്തും. തുടർന്ന് ടീമിന്‍റെ പരിശീലന ചുമതല ഏറ്റെടുത്ത് പുതിയ സീസണിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ഒക്‌ടോബർ 6നാണ് ഐഎസ്എൽ സീസൺ തുടങ്ങുന്നത്.