എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്‌ച തങ്ങളുടെ അവസാന ഹോം മത്സരത്തിനിറങ്ങുകയാണ്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികൾ. ഇരു ടീമുകളും നേരത്തെ തന്നെ പ്ലേ ഓഫിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഹോം ഗ്രൗണ്ടിൽ വിജയിച്ച് പോസിറ്റീവ് സമീപനത്തോടെ പ്ലേഓഫിലേക്ക് കയറാനുള്ള തങ്ങളുടെ ആഗ്രഹം പങ്കുവയ്‌ക്കുകയാണ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച്.
'അവസാന മത്സരത്തിൽ (ഹൈദരാബാദ് എഫ്‌സിക്കെതിരെ) പൂർണ്ണ ശക്തി പുറത്തെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ കളിക്കാനും വിജയത്തോടെ പ്ലേ ഓഫിൽ ആ പോസിറ്റീവ് മാനസികാവസ്ഥ കൊണ്ടുവരാനും ഞങ്ങൾക്ക് ബാധ്യതയുണ്ട്. ഹോം ഗ്രൗണ്ടിൽ കളിക്കുക എന്നത് നമുക്കെല്ലാവർക്കും ഒരുപാട് കരുത്തേകുന്ന കാര്യമാണ്. ഞായറാഴ്‌ചയും ഞങ്ങൾക്ക് ഇത്തരത്തിലുള്ള പ്രചോദനം ലഭിക്കും.
കരുത്തരായ ടീമായി മാറാനും ഞങ്ങളുടെ മൈതാനത്ത് ഞങ്ങൾ അപരാജിതരായി തുടരുന്നത് എന്തുകൊണ്ടാണെന്ന് കാണിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഞായറാഴ്‌ചയും ഞങ്ങൾ അത് തുടരും. കഴിഞ്ഞ സീസണിലെ ഫൈനലിൽ ഞങ്ങളുടെ എതിരാളിയായ ശക്തമായ ഒരു ടീമിനെയാണ് നാളെ ഞങ്ങൾ നേരിടുന്നത്. അതിനാൽ തന്നെ ഒന്നാം നമ്പർ പ്രകടനം തന്നെ പുറത്തെടുക്കും.
പ്ലേഓഫിന് വ്യത്യസ്‌തമായ ഒരു ചിന്താഗതി ആവശ്യമാണ്. ആദ്യ മത്സരം തന്നെ നോക്കൗട്ട് ഘട്ടമാണ്. അതിനാൽ മറ്റ് കണക്കുകൂട്ടലുകളൊന്നും ഇല്ലാതെ തന്നെ പോരാടേണ്ടതുണ്ട്. ഈ അവസരത്തിൽ ഞങ്ങളുടെ ആരാധകർക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു. എവേ മത്സരങ്ങളിൽ പോലും ഞങ്ങൾക്ക് ഹോം ഗ്രൗണ്ടിൽ കളിക്കുന്നതുപോലുള്ള അന്തരീക്ഷം ഒരുക്കിയത് അവരാണ്.