പനാജി : ഐഎസ്‌എല്ലിന്‍റെ ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരം കാണാന്‍ ഫത്തോഡ സ്റ്റേഡിയത്തിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് നന്ദി അറിയിച്ച് കോച്ച് ഇവാന്‍ വുകോമനോവിച്ച്. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളും പരിശീലകരും കളത്തിലെത്തിയപ്പോളാണ് ആരാധകരെ നേരില്‍ കണ്ട് വുകോമനോവിച്ച് നന്ദിയറിയിച്ചത്.
മത്സരം കാണാന്‍ ഫത്തോഡയിലെത്താന്‍ ആരാധകരോട് നേരത്തെ വുകോമനോവിച്ച് ആവശ്യപ്പെട്ടിരുന്നു. 'കേറിവാടാ മക്കളേ'... എന്ന വീഡിയോയിലൂടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ആരാധകരെ ക്ഷണിച്ചത്.
സ്റ്റേഡിയത്തില്‍ ആരാധകരുണ്ടാവുന്നത് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും വുകോമനോവിച്ച് പറഞ്ഞിരുന്നു. 18,000 കാണികളെ ഉള്‍ക്കൊള്ളാനാവുന്നതാണ് ഫത്തോഡ സ്റ്റേഡിയം.
അതേസമയം മൂന്നാം ഫൈനലിനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സും ആദ്യ ഫൈനല്‍ കളിക്കുന്ന ഹൈദരാബാദും കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്. ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയത്.
അതേസമയം കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് കലാശപ്പോരിന് യോഗ്യത നേടിയത്.