ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ കേരള ബ്ലാസ്റ്റേഴ്‌സ് ജീവൻ മരണ പോരാട്ടത്തിനിറങ്ങുന്നു. പ്ലേ ഓഫ് നോക്കൗട്ട് മത്സരത്തിൽ ബെംഗളൂരു എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികൾ. പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സും, നാലാം സ്ഥാനത്തുള്ള ബംഗളൂരുവും തമ്മിൽ ബെംഗളൂരുവിലെ ശ്രീ കണ്‌ഠീവര സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടൽ. വിജയികൾ രണ്ടാം പാദ സെമയിൽ മുംബൈ സിറ്റിയെ നേരിടും.
തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് മഞ്ഞപ്പട പ്ലേഓഫിനെത്തുന്നത്. അതേസമയം തുടർച്ചയായ എട്ട് മത്സരങ്ങളിലെ വിജയത്തിന്‍റെ മുൻതൂക്കത്തോടെയാണ് ബെംഗളൂരു എത്തുക. നോക്കൗട്ട് ഘട്ടമായതിനാൽ തന്നെ എന്ത് വിലകൊടുത്തും മത്സരത്തിൽ വിജയിക്കാനാകും ഇരു ടീമുകളുടേയും ശ്രമം. ഇപ്പോൾ മത്സരത്തിൽ വിജയം നേടുന്നതിന് കൃത്യമായ പ്ലാനിങ്ങോടെ കളിക്കേണ്ട പ്രാധാന്യം വ്യക്തമാക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച്.
കളിക്കാനിറങ്ങുമ്പോൾ നിങ്ങളുടെ മനസിൽ എപ്പോഴും രണ്ട് കാര്യങ്ങളുണ്ടാകും. ഒന്ന് പന്ത് നമ്മുടെ കൈവശം ഉള്ളപ്പോഴും മറ്റൊന്ന് പന്തിന്‍റെ നിയന്ത്രണം ഇല്ലാത്തപ്പോഴും നമ്മൾ എന്ത് ചെയ്യുന്നു എന്ന കാര്യം. അതിനാൽ ബെംഗളൂരു എഫ്‌സിക്കെതിരെ നമ്മൾ ആക്രമിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന രീതി വളരെ പ്രാധാന്യമർഹിക്കും. ഇതേ എതിരാളിക്കെതിരായ അവസാന മത്സരത്തിൽ ഞങ്ങൾക്ക് മികച്ച മുൻതൂക്കമുണ്ടായിരുന്നു. പക്ഷേ മത്സരം ഞങ്ങൾ തോറ്റു. അതിനാൽ വിജയം നേടാനുള്ള വഴികൾ ഞങ്ങൾ കണ്ടെത്തേണ്ടതുണ്ട്.
ബെംഗളൂരു എഫ്‌സിയെ പോലെ ലീഗിലെ പല ടീമുകളും വിജയത്തോടെ മുന്നേറിയിട്ടുണ്ട്. ഓരോ സീസണിലും നന്നായി കളിക്കുമ്പോൾ നിങ്ങൾ മികച്ച താളം കണ്ടെത്തുന്നു. ഐഎസ്‌എല്ലിൽ എന്തും സാധ്യമാണ്. ഫുട്‌ബോൾ ഒരു മനോഹരമായ ഗെയിമാണ്. അതിനാൽ തന്നെ മികച്ച ഫലം ലഭിക്കുമെന്ന് ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഒരു ടീം ഏത് ഫോമിലാണെന്നത് പ്രശ്‌നമല്ല, കാരണം പ്ലേ ഓഫിലേക്ക് വരുമ്പോൾ ടീമിന്‍റെ കളി മാറുന്നു. അപ്പോൾ ചിന്ത ആ ഒരു മത്സരത്തെക്കുറിച്ച് മാത്രമായിരിക്കും.
പ്ലേഓഫ് പോലുള്ള കളികളിൽ താരങ്ങൾ കൂടുതൽ ഏകാഗ്രത പുലർത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സുപ്രധാന നിമിഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ വ്യക്തിഗത തെറ്റുകൾ വരുത്തരുത്. അച്ചടക്കത്തോടെ ആക്രമിക്കാനും പ്രതിരോധിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ നിമിഷങ്ങൾ പ്രധാനപ്പെട്ടതായിരിക്കും. ഇരു ടീമുകൾക്കും കഠിനമായ ഗെയിമായിരിക്കും ഇത്. അതിനാൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കും. മികച്ച ടീം വിജയിക്കുമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട് - വുകോമാനോവിച്ച് പറഞ്ഞു.
അതേസമയം മത്സരത്തെക്കുറിച്ചുള്ള തന്‍റെ കാഴ്‌ചപ്പാട് ബ്ലാസ്റ്റേഴ്‌സ് നായകൻ ജെസൽ കാർനെയ്‌റോയും വ്യക്‌തമാക്കി. എല്ലാ തവണയും മൈതാനത്തേക്ക് പോകുമ്പോൾ പരിശീലകൻ ഞങ്ങൾക്ക് നൽകിയ ജോലി ചെയ്യാനാണ് ഞാൻ ശ്രമിക്കുക. ആദ്യം പ്രതിരോധിക്കുക, തുടർന്ന് ആക്രമണത്തിൽ കളിക്കാരെ സഹായിക്കുക എന്നത് എന്നെ സംബന്ധിച്ച് പ്രധാനമാണ്. വെള്ളിയാഴ്‌ച നടക്കുന്ന മത്സരത്തിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മൈതാനത്ത് ക്വാളിറ്റിയും കഴിവും ചേർത്തുള്ള പോരാട്ടവീര്യം കാണിക്കേണ്ടതുണ്ട്. ടീമിന് മത്സരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അറിയാം. ഇത്തരത്തിലുള്ള ഗെയിമുകൾക്കായി കളിക്കാർ മിടുക്കരും ശ്രദ്ധാലുക്കളും ആയിരിക്കണമെന്നാണ് വ്യക്തിപരമായ അനുഭവത്തിൽ നിന്ന് ഞാൻ മനസിലാക്കിയിട്ടുള്ളത് - കാർനെയ്‌റോ കൂട്ടിച്ചേർത്തു.