കൊച്ചി : ഐഎസ്‌എല്‍ വമ്പന്‍മാരായ കേരള ബ്ലാസ്‌റ്റേഴ്‌സ് വനിത ടീം രൂപീകരിച്ചു. ഫുട്ബോള്‍ എല്ലാവരുടേതുമാണെന്ന സന്ദേശത്തോടെ സാമൂഹ്യമാധ്യമങ്ങള്‍ വഴിയായിരുന്നു ടീമിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. കേരളത്തിലെ രാഷ്‌ട്രീയ-സാമൂഹിക-കായിക രംഗത്തെ വനിതാമുന്നേറ്റത്തിന്‍റെ ചരിത്രം വിശദമാക്കുന്ന വീഡിയോയും പ്രഖ്യാപനത്തിന് ഒപ്പമുണ്ട്.
'ഒരു പുതിയ തുടക്കം' എന്ന തലക്കെട്ടിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മുന്‍താരവും പരിശീലകനുമായ ഷെരീഫ് ഖാന്‍ എവിയാണ് ടീമിനെ പരിശീലിപ്പിക്കുക. വനിത ടീം അംഗങ്ങളുടെ പ്രഖ്യാപനം വൈകാതെ തന്നെ ക്ലബ് നടത്തും. കേരള ഫുട്‌ബോൾ അസോസിയേഷൻ(കെഎഫ്എ) സംഘടിപ്പിക്കുന്ന കേരള വുമണ്‍സ് ലീഗിൽ പങ്കെടുക്കുന്ന ടീം കിരീട നേട്ടത്തോടെ ഇന്ത്യന്‍ വനിത ലീഗിലേക്കുള്ള യോഗ്യതയാണ് ലക്ഷ്യമിടുന്നത്.