കൊച്ചി : ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ ലെസ്‌കോവിച്ചുമായുള്ള കരാര്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ദീര്‍ഘിപ്പിച്ചു. രണ്ട് വര്‍ഷത്തേക്കാണ് താരവുമായി ബ്ലാസ്‌റ്റേഴ്‌സ് കരാര്‍ നീട്ടിയത്. ഇതോടെ 2024വരെ 31കാരനായ ലെസ്‌കോവിച്ച് ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ടാവും.
കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നതില്‍ ആവേശമുണ്ടെന്ന് ലെസ്‌കോവിച്ച് പ്രതികരിച്ചു. ''കഴിഞ്ഞ സീസണില്‍ കിരീടത്തിന് അരികെയെത്താന്‍ ഞങ്ങള്‍ക്കായി. ഈ സീസണില്‍ ഞങ്ങളുടെ പരിശീലകന് കീഴില്‍ കപ്പ് മാത്രമാണ് ലക്ഷ്യം'' - ലെസ്‌കോവിച്ച് പറഞ്ഞു.
ക്രൊയേഷ്യന്‍ ക്ലബ്ബായ ജിഎന്‍കെ ഡൈനാമോ സാഗ്രെബില്‍ (ഡൈനാമോ സാഗ്രെബ്) നിന്നാണ് കഴിഞ്ഞ സീസണില്‍ ലെസ്‌കോവിച്ച് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. എന്‍കെ ഒസിയെക്കിന്‍റെ യൂത്ത് ടീമിലൂടെ 2009ലാണ് ലെസ്‌കോവിച്ച് പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. 2011ല്‍ പ്രധാന ടീമിനായി അരങ്ങേറിയ താരം ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബിനായി 56 മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകള്‍ നേടി.