മുംബൈ: ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബുകളുമായി കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ബ്രിട്ടനില്‍ നടക്കുന്ന നെക്‌സ്റ്റ് ജനറേഷന്‍ കപ്പിലാണ് ബ്ലാസ്‌റ്റേഴ്‌സും പ്രീമിയര്‍ ലീഗ് ക്ലബുകളും നേര്‍ക്കുനേര്‍ വരുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്‍റെ റിസർവ് സ്‌ക്വാഡും പ്രീമിയര്‍ ലീഗിലെ അഞ്ച് ക്ലബുകളുടെ യൂത്ത് ടീമുമാണ് മത്സരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ബെംഗളൂരു എഫ്.സിയും ദക്ഷിണാഫ്രിക്കയിലെ സ്റ്റെല്ലൻബോഷ് എഫ്.സിയും ടൂര്‍ണമെന്‍റിന്‍റെ ഭാഗമാണ്.
പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്കെതിരെ പോരടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരുവും - ലെസ്റ്റര്‍ സിറ്റി
ബ്രിട്ടനില്‍ നടക്കുന്ന നെക്‌സ്റ്റ് ജനറേഷന്‍ കപ്പിലാണ് ബ്ലാസ്‌റ്റേഴ്‌സും പ്രീമിയര്‍ ലീഗ് ക്ലബുകളും നേര്‍ക്കുനേര്‍ വരുന്നത്.
ലെസ്റ്റര്‍ സിറ്റി, നോട്ടിങ്‌ഹാം ഫോറസ്റ്റ്, ക്രിസ്‌റ്റല്‍ പാലസ്, ടോട്ടനം, വെസ്റ്റ്‌ഹാം യുണൈറ്റഡ് എന്നിവയാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമായ പ്രീമിയര്‍ ലീഗ് ക്ലബുകള്‍. എട്ട് ടീമുകളെയും മിഡ്‍ലാന്‍ഡ്‌സ് ഗ്രൂപ്പ്, ലണ്ടന്‍ ഗ്രൂപ്പ് എന്നിങ്ങനെ തരം തിരിച്ചാണ് മത്സരം നടക്കുക. ബ്ലാസ്‌റ്റേഴ്‌സ് ലണ്ടന്‍ ഗ്രൂപ്പിലും ബെംഗളൂരു മിഡ്‍ലാന്‍ഡ് ഗ്രൂപ്പിലുമാണ് കളിക്കാനിറങ്ങുക.
ഈ വർഷമാദ്യം നടന്ന യോഗ്യത മത്സരത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടിയാണ് ബ്ലാസ്‌റ്റേഴ്‌സും ബെഗളൂരുവും അന്താരാഷ്‌ട്ര ടൂർണമെന്‍റിൽ മത്സരിക്കാൻ യോഗ്യത നേടിയത്. ജൂലൈ 27 ന് ടോട്ടനത്തിനെതിരായാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആദ്യ മത്സരം. ഈ ദിവസം തന്നെ ബെംഗളുരു ലെസ്റ്റര്‍ സിറ്റിയെ നേരിടും. ബാസ്‌റ്റേഴ്‌സിന്‍റെ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 3.30നും, ബെംഗളുരുവിന്‍റേത് രാത്രി 9.30നുമാണ് നടക്കുക.