കൊച്ചി: ആശാന്‍റെ മടങ്ങിവരവ് ഗംഭീരമാക്കിയ ആരാധകരെ സാക്ഷിയാക്കി അതിഗംഭീര കാല്‍പന്ത് വിരുന്നൊരുക്കി ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒഡിഷയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ പോയിന്‍റ് പട്ടികയില്‍ 10 പോയിന്‍റുകളുമായി ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തുമെത്തി.
മുഖ്യപരിശീലകനായ ഇവാന്‍ വുകുമനോവിച്ച് വിലക്ക് പൂര്‍ത്തിയാക്കി പുറത്തെത്തുന്നു എന്നതും കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ മത്സരമെത്തുന്നു എന്ന രണ്ട് സവിശേഷതകളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് പന്തുതട്ടാനിറങ്ങിയത്. ഇവാനെ വരവേല്‍ക്കാനായി മഞ്ഞപ്പട ആരാധകര്‍ പടുകൂറ്റന്‍ ടിഫോയും ഒരുക്കിയിരുന്നു. എന്നാല്‍ ആശാനുള്ള ട്രീറ്റ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ കളിക്കളത്തില്‍ ഒരുക്കിവച്ചിരിക്കുകയായിരുന്നു. ഇത് സമ്മാനിച്ചതാവട്ടെ, 66 ആം മിനുറ്റില്‍ സ്‌റ്റാര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്‍റകോസിന്‍റെയും, 84 ആം മിനുറ്റില്‍ നായകന്‍ അഡ്രിയാന്‍ ലൂണയുടെയും കാലുകളിലൂടെയും.
ആദ്യം കിതച്ചു, പിന്നെ കുതിച്ചു:മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ച രീതിയിലായിരുന്നില്ല പന്ത് തട്ടിയിരുന്നത്. പ്രതിരോധനിരയിലെ പാളിച്ചകളും മുന്നേറ്റനിരയിലെ ഫിനിഷിങിലുള്ള കുറവുകളും ബ്ലാസ്‌റ്റേഴ്‌സിനെ വല്ലാതെ വലച്ചു. അങ്ങനെയിരിക്കെ മത്സരത്തിന്‍റെ 15 ആം മിനുറ്റില്‍ ഡിയേഗോ മൗറീഷ്യോ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു. പ്രതിരോധനിരയിലെ വിള്ളല്‍ മറയാക്കി മൗറീഷ്യോ ബ്ലാസ്‌റ്റേസ് ഗോള്‍പോസ്‌റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.
ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഗോള്‍വലയ്‌ക്ക് സമീപത്തെ അപകടങ്ങള്‍ അപ്പോഴും ഒഴിഞ്ഞിരുന്നില്ല. 21 ആം മിനുറ്റില്‍ സിക്‌സ് യാര്‍ഡ് ബോക്‌സിനകത്തേക്ക് ബോളുമായി കുതിച്ച മൗറീഷ്യോയെ നവോച്ച സിങ് ഫൗള്‍ ചെയ്‌തതോടെ ഒഡിഷയ്‌ക്ക് അനുകൂലമായ പെനാല്‍റ്റിയും വിധിച്ചു. എന്നാല്‍ മൗറീഷ്യോ എടുത്ത പെനാല്‍റ്റി കിക്ക് സച്ചിന്‍ സുരേഷ് എന്ന ആത്മവിശ്വാസത്തിന്‍റെ ആള്‍രൂപത്തില്‍ തട്ടി മടങ്ങുകയായിരുന്നു. പിന്നാലെ ഒട്ടനവധി ഗോള്‍ അവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് തുറന്നെടുത്തുവെങ്കിലും ഗോള്‍ അകന്നു നിന്നു.