പാരിസ് : കഴിഞ്ഞ സീസണിലെ മികച്ച ഫുട്‌ബോളർക്കുള്ള ബാലണ്‍ ദ്യോർ പുരസ്‌കാരം സ്വന്തമാക്കി സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്‍റെ ഫ്രഞ്ച് സ്‌ട്രൈക്കർ കരീം ബെൻസേമ. ഇന്ന് പുലർച്ചെ പാരീസിൽ നടന്ന ചടങ്ങിലാണ് ഉദ്വേഗ നിമിഷങ്ങൾക്ക് വിടനൽകിക്കൊണ്ട് ബെൻസേമ തന്‍റെ ആദ്യ ബാലണ്‍ ദ്യോർ സ്വന്തമാക്കിയത്. ബാലണ്‍ ദ്യോർ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് ബെൻസേമ. ബാഴ്‌സലോണയുടെ അലക്‌സിയ പുറ്റലാസാണ് മികച്ച വനിത താരം. തുടർച്ചയായ രണ്ടാം തവണയാണ് അലക്‌സിയ ഈ നേട്ടം സ്വന്തമാക്കുന്നത്.
ഫ്രഞ്ച് ഫുട്‌ബോൾ മാഗസിൻ നൽകുന്ന ബാലണ്‍ ദ്യോർ ചുരുക്കപ്പട്ടികയിലെ 30 താരങ്ങളിൽ നിന്നാണ് കരീം ബെൻസേമ പുരസ്‌കാരം സ്വന്തമാക്കിയത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബാഴ്‌സലോണയുടെ റോബർട്ട് ലെവൻഡോവ്സ്‌കി, ലിവർപൂളിന്‍റെ മുഹമ്മദ് സലാ, ബയേൺ മ്യൂണിക് താരം സാദിയോ മാനെ തുടങ്ങി സാധ്യതാ പട്ടികയിലുണ്ടായിരുന്ന സൂപ്പർ താരങ്ങളെയാണ് ബെൻസേമ പിൻതള്ളിയത്.