ദോഹ: ഖത്തർ ലോകകപ്പിൽ പരിക്കേറ്റ് താരങ്ങൾ പുറത്താകുന്നത് തുടർകഥയാകുന്നു. ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസേമയാണ് ലോകകപ്പ് ടീമിൽനിന്ന് പുറത്തായത്. നിലവിലെ ബാലണ്‍ ദ്യോർ പുരസ്‌കാര ജേതാവായ കരീം ബെൻസേമ ലോകകപ്പ് കളിക്കാൻ ഖത്തറിൽ ഉണ്ടാവില്ലെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. 1978 ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് നിലവിലെ ബാലൻ ദ്യോർ ജേതാവ് ലോകകപ്പ് കളിക്കാതിരിക്കുന്നത്.
നേരത്തെ തന്നെയുള്ള പരിക്കുമായി ലോകകപ്പിന് എത്തിയ താരത്തിന് പരിശീലനത്തിന് ഇടയിൽ വീണ്ടും പരിക്കേറ്റതോടെയാണ് ടീമിൽ തുടരാനാകില്ലെന്ന് സ്ഥിരീകരിച്ചത്. തുടയിലെ മസിലുകൾക്ക് പരിക്കേറ്റ താരത്തിന് മൂന്ന് ആഴ്‌ച വിശ്രമം വേണ്ടിവരും. 2010, 2014 ലോകകപ്പുകളിൽ കളിച്ച ബെൻസേമക്ക് വിവാദങ്ങൾ കാരണം ഫ്രാൻസ് കിരീടം നേടിയ 2018 ലെ ലോകകപ്പിൽ ഇടം പിടിക്കാൻ ആയിരുന്നില്ല. 2021 ൽ ദേശീയ ടീമിൽ തിരിച്ചെത്തിയ താരം ബാലൻ ദ്യോർ പുരസ്‌കാരത്തിന്‍റെ നിറവിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി പരിക്ക് വില്ലനായത്.