ദോഹ: ഖത്തര്‍ ലോകകപ്പില്‍ സെർബിയയ്‌ക്കെതിരായ ബ്രസീലിന്‍റെ ആദ്യ മത്സരത്തിലെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്‌മറുടെ പ്രകടനത്തെ വിമര്‍ശിച്ച് ഇതിഹാസ താരം കക്ക. പരിക്കേൽക്കുന്നതിന് മുമ്പ് മികച്ച പ്രകടനം നടത്താന്‍ നെയ്‌മര്‍ക്ക് കഴിഞ്ഞിരുന്നില്ല. താരത്തിന് വേഗത്തില്‍ സുഖം പ്രാപിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതായും കക്ക പറഞ്ഞു.
"അടുത്ത മത്സരത്തിന് മുമ്പ് നെയ്‌മറിന് സുഖം പ്രാപിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം നെയ്‌മര്‍ക്കും അവന്‍റെ പ്രശസ്‌തിക്കും ഒരു ലോകകപ്പ് നേടുന്നത് വളരെ പ്രധാനമാണ്.
ഈ ടൂർണമെന്‍റാണ് അവന് തിളങ്ങാൻ ഒരു വേദി നൽകുന്നത്. സെർബിയയ്‌ക്കെതിരെ പരിക്കേൽക്കുന്നതിന് മുമ്പ് തീർച്ചയായും അവനതിന് കഴിഞ്ഞിരുന്നില്ല. മത്സരത്തില്‍ അവന്‍ പുറത്തുപോയതിന് ശേഷം ബ്രസീൽ വളരെ മികച്ച രീതിയിലാണ് കളിച്ചത്", കക്ക പറഞ്ഞു.
നെയ്‌മറുടെ പരിക്ക് ഗുരുതരമാണെങ്കില്‍ ഖത്തറിൽ ലോകകപ്പ് ഉയർത്താനുള്ള ബ്രസീലിന്‍റെ സാധ്യതകളെ ബാധിക്കുമെന്നും കക്ക അഭിപ്രായപ്പെട്ടു. ''ആദ്യം ഇത് ഗുരുതരമായ പരിക്കായി തോന്നിയില്ല. പക്ഷേ, എന്നെ വിഷമിപ്പിക്കുന്ന കാര്യം, വേദനിക്കുമ്പോഴും നെയ്‌മർ കളിക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്. നെയ്‌മറുടെ പരിക്ക് ടൂർണമെന്‍റിന്‍റെ ബാക്കി ഭാഗങ്ങളിൽ ബ്രസീലിന് ഒരു പ്രശ്‌നമായേക്കാം'', കക്ക പറഞ്ഞു.
സെര്‍ബിയന്‍ താരം നിക്കോള മിലെൻകോവിച്ചിന്‍റെ ടാക്ലിങ്ങിനിടെ നെയ്‌മറുടെ വലത് കണങ്കാലിനാണ് പരിക്കേറ്റത്. ഇതേതുടര്‍ന്ന് താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഇതിന് പിന്നാലെ താരത്തിന് സ്വിറ്റ്സർലന്‍ഡിന് എതിരായ ബ്രസീലിന്‍റെ അടുത്ത മത്സരത്തില്‍ കളിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. 28-ാം തിയതിയാണ് ബ്രസീല്‍ സ്വിറ്റ്സർലന്‍ഡിന് എതിരെ കളിക്കാനിറങ്ങുക.
Also read:കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്ന്, തിരിച്ചുവരും, ആ ലക്ഷ്യം പൂർത്തിയാക്കും: നെയ്‌മര്‍