കൊല്‍ക്കത്ത: പാകിസ്ഥാനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പ് അനധികൃതമാണെന്ന് ലോക കബഡി ഫെഡറേഷൻ. മത്സരത്തില്‍ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റിന് സാധുത ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. അന്താരാഷ്‌ട്ര അംഗീകാരമുള്ള ടൂർണമെന്‍റുകളിലാണ് കായിക താരങ്ങൾ പങ്കെടുക്കുന്നതെന്ന് അതത് രാജ്യങ്ങൾ ശ്രദ്ധിക്കണമെന്ന് ലോക കബഡി ഫെഡറേഷനും വ്യക്തമാക്കി. നിർഭാഗ്യവശാല്‍ ഇത്തരത്തിൽ അനുമതിയില്ലാതെ നിരവധി മത്സരങ്ങൾ നടക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് പാകിസ്ഥാനിലും അരങ്ങേറുന്നത്. കായിക താരങ്ങളാണ് ഇതിന്‍റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുക. ഭാവിയിൽ രാജ്യാന്തര തലത്തില്‍ നടക്കാനിരിക്കുന്ന ഇത്തരം അനധികൃത ടൂർണമെന്‍റുകൾക്ക് എതിരെ നടപടി എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഫെഡറേഷന്‍ അധികൃതർ കൂട്ടിച്ചേർത്തു.
നേരത്തെ പാകിസ്ഥാനില്‍ നടക്കുന്ന ലോക കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ താരങ്ങൾ അനുമതിയില്ലാതെ പോയതില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നടുക്കം രേഖപ്പടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ടീമല്ല പാകിസ്ഥാനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതെന്ന് ഐഒസി പ്രസിഡന്‍റ് നരീന്ദ്രർ ബത്ര നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവർക്ക് രാജ്യത്തിന്‍റെ പേരില്‍ മത്സരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള സംഘം പാകിസ്ഥാനില്‍ നടക്കുന്ന ലോക കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതായി വിവരം ലഭിച്ചിട്ടില്ലെന്ന് നിലവിലെ എകെഎഫ്‌ഐയുടെ അധ്യക്ഷന്‍ കൂടിയായ റിട്ടയേർഡ് ജസ്റ്റിസ് എസ്‌പി ഗാർഗും വ്യക്തമാക്കിയിരുന്നു.