ന്യൂഡല്‍ഹി:വിവാദങ്ങളില്‍ ഉലയുന്ന ഇന്ത്യന്‍ ഗുസ്‌തിയില്‍ മറ്റൊരു പ്രതിഷേധം. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരത്തിന് നേതൃത്വം നല്‍കിയ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവർക്കെതിരെ ജൂനിയര്‍ ഗുസ്‌തി താരങ്ങള്‍. തങ്ങളുടെ കരിയറിലെ ഒരു നിർണായക വർഷം നഷ്‌ടപ്പെടുത്തിയെന്നാരോപിച്ച് 300-ന് അടുത്ത് ജൂനിയര്‍ താരങ്ങള്‍ ജന്തർമന്ദിറിൽ ഒത്തുചേര്‍ന്നു. ( Junior wrestlers against Bajrang Punia Sakshi Malik and Vinesh Phogat)
ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ബസുകളിലാണ് ഇവര്‍ പ്രതിഷേധത്തിന് എത്തിയിരിക്കുന്നത്. പ്രതിഷേധക്കാരില്‍ ഏറെയും ബാഗ്പട്ടിലെ ഛപ്രൗലിയിലെ ആര്യസമാജ് അഖാര, നരേലയിലെ വീരേന്ദർ റെസ്ലിങ് അക്കാദമി എന്നിവയില്‍ നിന്നുള്ളവരാണ്. ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ക്കെതിരായ ബാനറുമായാണ് ഇവര്‍ പ്രതിഷേധിക്കുന്നത്.
ഈ മൂന്ന് താരങ്ങളില്‍ നിന്ന് ഗുസ്‌തിയെ രക്ഷിക്കാന്‍ യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ്ങിന്‍റെ ഇടപെടലുണ്ടാവണെന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. "ഞങ്ങളുടെ പരിശീലനങ്ങളും ടൂർണമെന്‍റുകളും നടക്കാതെ ആയതിന് കാരണക്കാരാണിവര്‍. സ്‌ത്രീകൾക്കും ജൂനിയർ ഗുസ്‌തിക്കാർക്കും വേണ്ടിയാണ് തങ്ങൾ സമരം ചെയ്യുന്നതെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു, എന്നാൽ അവര്‍ എല്ലാ ബഹുമതികളും സമ്പാദിച്ചതിന് ശേഷം മറ്റുള്ളവരുടെ കരിയർ നശിപ്പിക്കുകയാണവര്‍ ചെയ്‌തിരിക്കുന്നത്.
അവരുടെ പ്രതിഷേധം ഗുസ്‌തി ഫെഡറേഷനില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുന്നതിന് വേണ്ടി മാത്രമാണ്. അത് സംഭവിച്ചാൽ അവരുടെ എല്ലാ പ്രതിഷേധങ്ങളും അവസാനിപ്പിക്കും. ഇക്കൂട്ടർക്ക് ദേശീയ അവാർഡുകളോട് യാതൊരു ബഹുമാനവുമില്ല. അതു വഴിയിൽ ഉപേക്ഷിക്കുകയാണ് അവര്‍ ചെയ്‌തിരിക്കുന്നത് "- പ്രതിഷേധിക്കുന്ന ജൂനിയര്‍ ഗുസ്‌തി താരങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.