ടൂറിന്‍: യൂറോപ്പിലെ മികച്ച യുവ താരത്തിനുള്ള 'ഗോള്‍ഡന്‍ ബോയ്' പുരസ്‌കാരം സ്വന്തമാക്കി റയല്‍ മാഡ്രിഡിന്‍റെ ഇംഗ്ലീഷ് മിഡ്‌ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്‌ഹാം (Jude Bellingham wins Golden Boy Award). യൂറോപ്യൻ ക്ലബ്ബിൽ കളിക്കുന്ന 21 വയസ്സിൽ താഴെയുള്ള ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനാണ് 'ഗോൾഡൻ ബോയ് അവാർഡ്' നൽകുന്നത്. പ്രസ്‌തുത നേട്ടം സ്വന്തമാക്കുന്ന ആദ്യ റയല്‍ താരമാണ് ജൂഡ് ബെല്ലിങ്‌ഹാം. (Jude Bellingham Becomes First Real Madrid Player To Win 'Golden Boy Award')
ലോസ് ബ്ലാങ്കോസില്‍ സഹതാരമായ തുര്‍ക്കിയുടെ അർദ ഗുലർ, ബയേണ്‍ മ്യൂണിക്കിന്‍റെ ജര്‍മന്‍ താരം ജമാല്‍ മുസിയാല, ഇംഗ്ലണ്ടിന്‍റെ തന്നെ ചെൽസി താരം ലെവി കോൾവിൽ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഡെന്‍മാര്‍ക് താരം റാസ്‌മസ് ഹോയ്‌ലന്‍ഡ് എന്നിവരുള്‍പ്പെട്ട 25 ഫൈനലിസ്റ്റുകളടങ്ങിയ പട്ടികയില്‍ നിന്നാണ് 20-കാരനായ ബെല്ലിങ്ഹാം യൂറോപ്പിന്‍റെ ഗോള്‍ഡന്‍ ബോയ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാര നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ജൂഡ് ബെല്ലിങ്‌ഹാം പറഞ്ഞു.
റയല്‍ മാഡ്രിഡിനായും ഇംഗ്ലണ്ട് ദേശീയ ടീമിനായും കളിക്കുന്നത് ഏറെ ആസ്വദിക്കുന്നു. പുരസ്കാരം രാജ്യത്തിനും റയൽ മാഡ്രിഡിനും സമർപ്പിക്കുന്നതായും ബെല്ലിങ്ഹാം വ്യക്തമാക്കി. "കരിയറിൽ ഒരുപാട് ലക്ഷ്യങ്ങളുണ്ട്. സാധ്യമാകുന്നതെല്ലാം നേടണം. എന്‍റെ രാജ്യമായ ഇംഗ്ലണ്ടിനും റയൽ മാഡ്രിഡിനും വേണ്ടി കളിക്കുന്നത് ഞാൻ ആസ്വദിക്കുന്നു.
സമ്മർദ്ദം വളരെ വലുതാണ്, പക്ഷേ ഈ രണ്ട് ടീമുകളെയും പ്രതിനിധീകരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിനും റയൽ മാഡ്രിഡിനും വേണ്ടി വിജയങ്ങള്‍ നേടാൻ എന്‍റെ കഴിവിന്‍റെ പരമാവധി ഞാന്‍ നല്‍കും" ജൂഡ് ബെല്ലിങ്‌ഹാം പറഞ്ഞു നിര്‍ത്തി.