അഡ്‌ലെയ്‌ഡ് : സ്വവർഗാനുരാഗിയാണെന്ന വെളിപ്പെടുത്തലിന് ശേഷം മത്സരത്തിനിടെ കാണികളിൽ നിന്ന് തനിക്ക് മോശം അനുഭവം നേരിടുന്നതായി അഡ്‌ലെയ്‌ഡ് യുണൈറ്റഡ് ഡിഫൻഡർ ജോഷ് കവല്ലോ. എ- ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ കാണികളുടെ ഇടയിൽ നിന്ന് അധിക്ഷേപം നേരിട്ടതായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം അറിയിച്ചത്.
'സ്വവർഗാനുരാഗി എന്ന കാരണത്താൽ ഇന്നലെ രാത്രി നടന്ന മത്സരത്തിനിടെ എനിക്കെതിരെ ഉണ്ടായ അധിക്ഷേപങ്ങൾ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാനാകില്ല. ഞാൻ എത്രമാത്രം നിരാശനാണെന്ന് പറയാൻ വാക്കുകളില്ല. സമൂഹം 2022 ലും ഇത് തുടർന്നുകൊണ്ടിരിക്കുന്നു' - കവല്ലോ കുറിച്ചു.
'ഇൻസ്റ്റഗ്രാമിലേക്ക് എനിക്ക് ലഭിച്ചതുപോലുള്ള സന്ദേശങ്ങൾ ഒരാൾക്കും ലഭിക്കരുത് എന്നാണ് എന്‍റെ ആഗ്രഹം. ഞാൻ ആരാണെന്ന് എനിക്ക് ബോധ്യമുണ്ട്. ഞാൻ ഇത് നേരിടാൻ പോകുകയാണ്. ഇത്തരം സന്ദേശങ്ങള്‍ നിയന്ത്രിക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ല എന്നത് സങ്കടകരമായ കാര്യമാണ്' - കവല്ലോ പറയുന്നു.
ALSO READ:LA LIGA | തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്, ബാഴ്‌സലോണയ്ക്ക് സമനിലപ്പൂട്ടിട്ട് ഗ്രനാഡ
അതേസമയം ഇത്തരം കാര്യങ്ങൾ കേട്ടപ്പോൾ ഞെട്ടലും സങ്കടവും ഉണ്ടായെന്ന് എ-ലീഗ് പ്രതികരിച്ചു. 'ഞങ്ങളുടെ കളിക്കാർക്കും, സ്റ്റാഫിനും ആരാധകർക്കും കളിക്കളത്തിന് പുറത്തും സുരക്ഷിതത്വം അനുഭവിക്കാൻ അവകാശമുണ്ട്. ഓസ്ട്രേലിയൻ ഫുട്ബോളിൽ ഭീഷണിപ്പെടുത്തലിനോ, ഉപദ്രവങ്ങൾക്കോ സ്ഥാനമില്ല. ഇത്തരം ദോഷകരമായ പെരുമാറ്റം അനുവദനീയമല്ല' - എ- ലീഗ് വ്യക്‌തമാക്കി.