പാലക്കാട്:നിങ്ങളിതു കാണുക, നിങ്ങളിതു കാണുക, കാൽപ്പന്തുകളിയുടെ രാജകുമാരൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൈയൊപ്പ് പതിഞ്ഞ ടി ഷർട്ട് പാലക്കാട് ജില്ലയിലെ ചാലിശേരിയിലെത്തിയിരിക്കുന്നു. ചാലിശേരി പെരുമണ്ണൂർ കിണറമാക്കൽ ഷെഫീഖാണ് (ചെപ്പു) ക്രിസ്റ്റ്യാനോയില്‍ നിന്നും നേരിട്ട് ലഭിച്ച സ്‌നേഹ സമ്മാനം നാട്ടിലെത്തിച്ചത്. ദുബായ് എക്സ്പോയിൽവച്ചാണ് താരം ഷെഫീഖിന് ജേഴ്‌സിയിൽ ഒപ്പ് നൽകിയത്.
കഴിഞ്ഞ ദിവസം ലീവിന് ചാലിശേരിയിലെത്തിയ ഷെഫീഖ് നിരവധി കായിക താരങ്ങളെ സംഭാവന ചെയ്‌ത ജിസിസി ക്ലബ്ബിന് ജേഴ്‌സി നൽകി. ജേഴ്‌സി ചില്ലിട്ട് ഫ്രെയിം ചെയ്‌താണ് ഷെഫീഖ് എത്തിച്ചത്. ക്ലബ് സെക്രട്ടറി പിസി തോംസൺ, ട്രഷറർ എഎം ഇക്ബാൽ, ജോയിന്‍റ് സെക്രട്ടറി നൗഷാദ് മുക്കൂട്ട എന്നിവരും ഫുട്ബോൾ താരങ്ങളും ചേർന്ന് ജേഴ്‌സി ഏറ്റുവാങ്ങി.