മഡ്‌ഗാവ്: ടീമിലെ കൊവിഡ് ബാധയെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്‌ചയായി കളത്തിലിറങ്ങാതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ബെംഗളൂരു എഫ്‌സിക്കെതിരെ പന്ത് തട്ടാനിറങ്ങുകയാണ്. നീണ്ട നാളത്തെ ക്വാറന്‍റൈനിന് ശേഷം കഴിഞ്ഞ ദിവസമാണ് താരങ്ങൾ റൂമിന് പുറത്തിറങ്ങി പരിശീലനം പുനരാരംഭിച്ചത്. ഇതിനിടെ നാളെ കളത്തിലിറങ്ങാൻ ബ്ലാസ്റ്റേഴ്‌സ് നിരയിൽ താരങ്ങൾ തികയുമോ എന്ന് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് കോച്ച് ഇവാൻ വുകോമനോവിച്ച്.
നാളത്തെ മത്സരത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ടീമിൽ ഇപ്പോഴും കൊവിഡ് ബാധിതരുണ്ട്. നാളെ മത്സരത്തിനിറങ്ങാൻ എത്ര താരങ്ങൾ ഉണ്ടാകുമെന്ന് എനിക്ക് അറിയില്ല. നാളെ കബഡി കളിക്കാനായി ഏഴോ എട്ടേ താരങ്ങളെ കളത്തിലിറക്കാം. അല്ലാതെ ഫുട്ബോൾ കളിക്കാനുള്ള താരങ്ങൾ ഇപ്പോൾ ടീമിലില്ല, വുകോമനോവിച്ച് പറഞ്ഞു.
ബയോ ബബിളിൽ എല്ലാപേരും സുരക്ഷതരായിരിക്കും എന്ന് ഉറപ്പ് തന്നതാണ്. ഞങ്ങൾ എല്ലാ നിയന്ത്രണങ്ങളും പാലിച്ചിരുന്നു. ഒഡീഷയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ഒഡീഷ ക്യാമ്പില്‍ കൊവിഡ് കേസുകള്‍ ഉണ്ടായിരുന്നു. അതറിഞ്ഞിട്ടും കളിയുമായി മുന്നോട്ട് പോയി. ഇത്തരം പിഴവുകൾ സംഭവിക്കാൻ പാടില്ലായിരുന്നു. ഇപ്പോൾ ലീഗ് അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം ചേരണമെന്നാണ് എല്ലാരും ആഗ്രഹിക്കുന്നത്, വുകോമനോവിച്ച് കൂട്ടിച്ചേർത്തു.
ALSO READ:Australian Open 2022: ചരിത്ര നേട്ടം; ഓസ്‌ട്രേലിയൻ ഓപ്പണിൽ മുത്തമിട്ട് ആഷ്‌ലി ബാർട്ടി
നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരങ്ങള്‍ കൊവിഡ് കാരണം മാറ്റിവച്ചിരുന്നു. 13 മത്സരങ്ങളിൽ നിന്ന് 23 പോയിന്‍റുമായി ഹൈദരാബാദ് എഫ്‌സിയാണ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.