വെംബ്ലി : കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കൾ തമ്മിലുള്ള മത്സരത്തിന്‍റെ തിയ്യതിയും വേദിയും തീരുമാനിച്ചു. 29 വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു മത്സരം. ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന പോരാട്ടത്തിൽ, കോപ്പ അമേരിക്ക വിജയികളായ അർജന്‍റീനയും യൂറോ കിരീടം ചൂടിയ ഇറ്റലിയും ഇംഗ്ലണ്ടിലെ വെംബ്ലിയിൽ ഏറ്റുമുട്ടും.
സെപ്‌റ്റംബറില്‍ പ്രഖ്യാപിച്ച് ഡിസംബറിൽ അംഗീകാരം ലഭിച്ച ഈ മത്സരം കോൺമെബോളും യുവേഫയും തമ്മിൽ 2028 ജൂൺ 30 വരെയുണ്ടാക്കിയ ധാരണ പ്രകാരമാണ് നടക്കുന്നത്. അർടെമിയോ ഫ്രാഞ്ചി ട്രോഫി എന്ന പേരിൽ 1985, 1993 വർഷങ്ങളിൽ സമാനമായ രീതിയിൽ കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കളുടെ മത്സരം നടന്നിരുന്നു.