വെംബ്ലി : കാൽപന്തുകളിയാരാധകരെ ആവേശത്തിലാറാടിക്കാൻ കോപ്പ അമേരിക്ക ജേതാക്കളായ അർജന്‍റീനയും യൂറോകപ്പ് വിജയികളായ ഇറ്റലിയും ഏറ്റുമുട്ടുന്ന ഫൈനലിസിമ കിരീടപ്പോരാട്ടം ഇന്ന്. നീണ്ട ഇടവേളയ്ക്കുശേഷം ആദ്യമായാണ് ഫുട്ബാളിലെ പേരുകേട്ട കിടിലന്‍ പോരിന് വേദിയുണരുന്നത്. ലണ്ടനിലെ വെംബ്ലിയില്‍ രാത്രി 12.15 നാണ് മത്സരം.
30 മത്സരങ്ങളായി തോൽവിയറിയാതെ കുതിക്കുകയാണ് ലയണൽ സ്‌കലോണിയുടെ സംഘം. ഖത്തറിലേക്കുള്ള യാത്രയിൽ മെസിയുടെയും കൂട്ടരുടേയും ഏറ്റവും പ്രധാനപ്പെട്ട മത്സരമാണിത്. പരിക്കേറ്റ പരെഡസ് ഒഴികെ എല്ലാവരും അർജന്‍റീനിയന്‍ നിരയിലുണ്ടാകും. മെസി, ഡിമരിയ, ലൗട്ടാരോ മാർട്ടിനെസ് എന്നിവർ മുന്നേറ്റനിരയിൽ കളിക്കും.
ലോകകപ്പ് ടിക്കറ്റ് ലഭിക്കാത്തതിന്‍റെ നിരാശയുമായാണ് ഇറ്റലിയെത്തുന്നത്. ആരാധകർക്ക് ആശ്വസിക്കാൻ അസൂറിപ്പടയ്ക്ക് വിജയം അനിവാര്യമാണ്. അതിന് ഇറ്റലിയുടെ പ്രതിരോധ ഭടൻമാർ മെസി ഉൾപ്പടെയുള്ളവരെ പൂട്ടണം. ഇൻസീഗ്നെ, ജോർജിഞ്ഞോ, വെറാട്ടി തുടങ്ങിയ വമ്പൻ പേരുകളും ഇറ്റാലിയൻ നിരയിലുണ്ട്. ചാമ്പ്യന്മാരുടെ പോരാട്ടത്തിൽ വിജയം പ്രവചിക്കുക അസാധ്യം.
എന്താണ് ഫൈനലിസിമ 2022 ?'ലാ ഫൈനലിസിമ' ചരിത്രത്തിൽ മുൻപ് നടന്നിട്ടുള്ള പോരാട്ടത്തിന്‍റെ ആവർത്തനം തന്നെയാണ്. കോപ്പ അമേരിക്ക ചാമ്പ്യൻമാരും യൂറോപ്യൻ ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുകയെന്ന ആശയം ആദ്യമായി വന്നത് 1980ലാണെങ്കിലും അർടെമോ ഫ്രാഞ്ചി കപ്പ് എന്ന പേരിൽ ഈ മത്സരം ആദ്യമായി നടന്നത് 1985ലാണ്. അന്ന് യൂറോ കപ്പ് ജേതാക്കളായ ഫ്രാൻസ് കോപ്പ അമേരിക്ക ജേതാക്കളായ യുറുഗ്വായെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി കിരീടം സ്വന്തമാക്കി.
അതിനുശേഷം സമാനമായ മറ്റൊരു ടൂർണമെന്‍റ് നടക്കാൻ എട്ട് വർഷങ്ങൾ വേണ്ടിവന്നു. എന്നാൽ അത്തവണ വിജയം ലാറ്റിനമേരിക്കൻ ടീമിനായിരുന്നു. അർജന്‍റീനയും ഡെന്മാർക്കും തമ്മിൽ നടന്ന മത്സരം രണ്ടുടീമും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്‍റീന വിജയം നേടുകയായിരുന്നു.
കോൺഫെഡറേഷൻസ് കപ്പ് ആരംഭിച്ചതോടെയാണ് കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കൾ തമ്മിലുള്ള പോരാട്ടത്തിന് അവസാനമായത്. 2019ൽ കോൺഫെഡറേഷൻസ് കപ്പ് അവസാനിപ്പിക്കാൻ ഫിഫ തീരുമാനിച്ചതോടെ 2021ൽ കോൺമെബോളും യുവേഫയും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച് ഒപ്പുവച്ച ഉടമ്പടിയിലൂടെ വീണ്ടും കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കളുടെ പോരാട്ടം സാധ്യമായി.
ഫൈനലിസിമ എന്ന പേരിൽ കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കൾ തമ്മിൽ നടക്കുന്ന മത്സരത്തിൽ തൊണ്ണൂറ് മിനിട്ടാണ് രണ്ട് ടീമുകളും തമ്മിൽ പോരാടുക. അതിനുശേഷം മത്സരം സമനിലയിൽ തന്നെയാണെങ്കിലും നേരെ പെനാൽറ്റി ഷൂട്ടൗട്ട് നടത്തി വിജയികളെ തീരുമാനിക്കും. എക്‌സ്ട്രാ ടൈം ഉണ്ടാകില്ല. മത്സരം 90 മിനിട്ട് മാത്രമേ ഉള്ളൂവെങ്കിലും അഞ്ച് പകരക്കാരെ അനുവദിക്കും.