മനില (ഫിലിപ്പീൻസ്): ബാഡ്‌മിന്‍റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിലെ (ബിഎസി) സെമി ഫൈനല്‍ തോല്‍വിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പിവി സിന്ധു. മത്സരത്തില്‍ ജപ്പാന്‍റെ ലോക രണ്ടാം നമ്പർ താരം അകാനെ യമാഗുച്ചിയോട് കീഴടങ്ങിയ താരത്തിന് വെങ്കലം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നിരുന്നു. എന്നാല്‍ തന്‍റെ തോല്‍വി അമ്പയർമാരുടെ തെറ്റായ തീരുമാനത്തിനാലാണെന്ന് സിന്ധു പറഞ്ഞു.
മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്‍റെ തോല്‍വി. ആദ്യ സെറ്റ് 21-13ന് അനായാസം സ്വന്തമാക്കാന്‍ സിന്ധുവിന് കഴിഞ്ഞിരുന്നു. രണ്ടാം സെറ്റില്‍ 14-11ന് മുന്നിലെത്തിയ സിന്ധുവിന് ഒരു പോയിന്‍റ് പെനാൽറ്റി ലഭിച്ചിരുന്നു. സെർവ് ചെയ്യാൻ കൂടുതൽ സമയം എടുത്തതിനാണ് താരത്തിന് പെനാല്‍റ്റി ലഭിച്ചത്.
ഇതിന് പിന്നാലെ താളം നഷ്‌ടമായ സിന്ധു ഈ സെറ്റ് 19-21ന് കൈവിട്ടു. തുടര്‍ന്ന് കുതിപ്പ് ലഭിച്ച ജപ്പാന്‍ താരം മൂന്നാം സെറ്റ് 16-21ന് പിടിച്ചതോടെ മത്സരവും സ്വന്തമാക്കി. സ്‌കോർ 21-13, 19-21, 16-21. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ സ്വര്‍ണമെന്ന സിന്ധുവിന്‍റെ മോഹങ്ങളും തകര്‍ന്നു.
ഒരുപക്ഷേ ഞാൻ വിജയിച്ചേനെ:"നിങ്ങൾ ഒരുപാട് സമയമെടുക്കുന്നുണ്ടെന്ന് അമ്പയർ എന്നോട് പറഞ്ഞു, പക്ഷേ എതിരാളി ആ സമയത്ത് തയ്യാറായിരുന്നില്ല. എന്നാല്‍ അമ്പയർ പെട്ടെന്ന് അവൾക്ക് പോയിന്‍റ് നൽകി, അത് ശരിക്കും അന്യായമായിരുന്നു. ഞാൻ തോൽക്കാനുള്ള കാരണങ്ങളിലൊന്നാണത്.