മാഡ്രിഡ്: യുക്രൈനില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ എല്ലാം തന്നെ റഷ്യൻ പ്രസിഡന്‍റ് വ്‌ളാദ്മിർ പുടിന്‍റെ തെറ്റുകളാണെന്ന് യുക്രൈനിയന്‍ ഫുട്‌ബോളറായ വാസില്‍ ക്രാവെറ്റ്‌സ്. സ്‌പെയിനിലെ രണ്ടാം ഡിവിഷൻ ലീഗ് ക്ലബ്ബായ സ്‌പോർട്ടിങ് ഗിജോണിന്‍റെ താരമാണ് വാസില്‍.
ആവശ്യമെങ്കില്‍ യുദ്ധത്തിനിറങ്ങാന്‍ തയ്യാറാണെന്നും എന്നാല്‍ തോക്കുപയോഗിക്കുന്നത് സംബന്ധിച്ച് തനിക്കൊരറിവുമില്ലെന്നും വാസില്‍ ക്രാവെറ്റ്‌സ് പറഞ്ഞു. സ്‌പാനിഷ് റേഡിയോ മാര്‍കയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം.
''അവർ ആളുകളെയും സാധാരണക്കാരെയും ആശുപത്രികളിൽ കൊല്ലുന്നു... ഇതെല്ലാം പുടിന്‍റെ തെറ്റാണ്, ഇത് റഷ്യയുടെ തെറ്റാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ പുടിന്‍റേതാണ്. സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന രാജ്യമാണ് ഞങ്ങളുടേത്. ഞങ്ങൾ ആരെയും ആക്രമിക്കാൻ ആഗ്രഹിക്കുന്നില്ല, ഞങ്ങൾ സുഖമായും ശാന്തമായും ജീവിക്കാൻ ആഗ്രഹിക്കുന്നു''. വാസില്‍ ക്രാവെറ്റ്‌സ് പറഞ്ഞു.