പനാജി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ അടുത്ത സീസണില്‍ അടിമുടി മാറ്റമെന്ന് റിപ്പോര്‍ട്ട്. പുതിയ സീസണില്‍ ആറ് ടീമുകള്‍ക്ക് പ്ലേ ഓഫില്‍ സ്ഥാനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർക്ക് സെമിഫൈനലിന് നേരിട്ട് യോഗ്യത ലഭിക്കും.
തുടര്‍ന്നുള്ള സ്ഥാനത്തിനായി മൂന്നാം സ്ഥാനക്കാർ ആറാം സ്ഥാനക്കാരുമായും, നാലാം സ്ഥാനക്കാർ അഞ്ചാം സ്ഥാനക്കാരുമായും ഏറ്റുമുട്ടും. ഉയർന്ന റാങ്കിലുള്ള ടീമിന്‍റെ ഹോം ഗ്രൗണ്ടിലാണ് ഒരുപാദം മാത്രമുള്ള ഈ നോക്കൗട്ട് മത്സരങ്ങള്‍ നടക്കുക. ക്ലബ്ബുകളുമായി ചർച്ച ചെയ്ത് പുതിയ ഫോര്‍മാറ്റ് ഐഎസ്എൽ സാങ്കേതിക സമിതി അംഗീകരിച്ചിട്ടുണ്ട്.
സെമിഫൈനൽ മത്സരങ്ങൾ പഴയ ഫോര്‍മാറ്റില്‍ തന്നെ തുടരും. 2014ൽ ആരംഭിച്ച ഐഎസ്‌എല്ലിന്‍റെ ഒമ്പതാം സീസണാണ് ഇനി നടക്കാനുള്ളത്. മുന്‍ സീസണുകളില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ നാല് സ്ഥാനക്കാരായിരുന്നു സെമിഫൈനലിന് യോഗ്യത നേടിയിരുന്നത്. കൊവിഡിനെ തുര്‍ന്ന് കഴിഞ്ഞ രണ്ട് സീസണുകള്‍ പൂര്‍ണാമായും ഗോവയിലായിരുന്നു നടന്നിരുന്നത്.