ബെംഗളൂരു : ഐഎസ്‌എല്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ നാടകീയ സംഭവങ്ങള്‍ക്കാണ് ബെംഗളൂരു ശ്രീകണ്‌ഠീരവ സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. ബെംഗളൂരു എഫ്‌സി കേരള ബ്ലാസ്‌റ്റേഴ്‌സ് എലിമിനേറ്റര്‍ പോരാട്ടം അവസാന വിസില്‍ മുഴങ്ങുന്നതിന് മുന്‍പ് തന്നെ ചര്‍ച്ചകളില്‍ ഇടം നേടി. മത്സരത്തിന്‍റെ നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല.
ഇതേതുടര്‍ന്ന് അധികസമയത്തേക്ക് പോരാട്ടം നീങ്ങി. എക്‌സ്ട്രാ ടൈമിന്‍റെ ആറാം മിനിട്ടില്‍ കിട്ടിയ ഫ്രീ കിക്ക് ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രി ബ്ലാസ്റ്റേഴ്‌സ് വലയിലെത്തിച്ചു. ഇതിന് പിന്നാലെയാണ് നാടകീയമായ സംഭവങ്ങള്‍ കളിമൈതാനത്ത് അരങ്ങേറിയത്.
പന്ത് ഗോളായതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പ്രതിഷേധം. ഫ്രീകിക്കിനായി തയ്യാറാകും മുന്‍പാണ് ഛേത്രി കിക്കെടുത്തതെന്നും ഗോള്‍ നിഷേധിക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ റഫറിയോട് വാദിച്ചു. എന്നാല്‍ റഫറി ബെംഗളൂരു എഫ്‌സിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
ബെംഗളൂരുവിന് ഗോള്‍ അനുവദിച്ചതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ച് താരങ്ങളോട് കളിയവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിച്ചു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് റഫറി മത്സരത്തിന്‍റെ അവസാന വിസില്‍ മുഴക്കി ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു.
ജയത്തോടെ ബെംഗളൂരു സെമിയിലേക്ക് മുന്നേറി. ഇതില്‍ പ്രതികരണവുമായി സുനില്‍ ഛേത്രി തന്നെ രംഗത്തെത്തിയിരുന്നു. മത്സരശേഷമായിരുന്നു വിവാദ ഗോളിലും കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സര ബഹിഷ്‌കരണത്തിലും ഛേത്രി പ്രതികരണം നടത്തിയത്.
വാളും വേണ്ട, വിസിലും വേണ്ട :കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ ഫ്രീ കിക്ക് ലഭിച്ചതിന് പിന്നാലെ വാള്‍ വേണ്ടെന്നും വിസില്‍ വേണ്ടെന്നും റഫറിയോട് പറഞ്ഞിരുന്നുവെന്ന് സുനില്‍ ഛേത്രി വ്യക്തമാക്കി. താന്‍ റഫറിയോട് ഇക്കാര്യം പറയുന്നത് ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാന്‍ ലൂണ കേട്ടിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ആ ഷോട്ട് ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിച്ചത് ശരിയായ കാര്യമായിരുന്നില്ലെന്നും സുനില്‍ ഛേത്രി കൂട്ടിച്ചേര്‍ത്തു.
മുന്‍പും നിരവധി തവണ ഐഎസ്‌എല്‍ റഫറീയിങ് ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നതാണ്. ഇതിന് പിന്നാലെയാണ് ബെംഗളൂരു എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ ക്വിക്ക് ഫ്രീ കിക്ക് വിവാദം. വരും ദിവസങ്ങളില്‍ ഈ വിഷയം ഇന്ത്യന്‍ ഫുട്‌ബോളില്‍ കൂടുതല്‍ ചര്‍ച്ചയാകാനാണ് സാധ്യത. അതേസമയം, മത്സരം ബഹിഷ്‌കരിച്ച ബ്ലാസ്റ്റേഴ്‌സിനെതിരെ അച്ചടക്ക നടപടിയടക്കം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കിരീടമില്ലാതെ വീണ്ടും മടക്കം :കഴിഞ്ഞ ഐഎസ്‌എല്‍ സീസണില്‍ ഫൈനലില്‍ കാലിടറിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടം ഉയര്‍ത്തുമെന്നായിരുന്നു മഞ്ഞപ്പടയുടെ പ്രതീക്ഷ. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം നടത്താന്‍ ബ്ലാസ്റ്റേഴ്‌സിനായിരുന്നു. ബെംഗളൂരുവിന് പിന്നില്‍ അഞ്ചാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് മുന്നേറിയത്.
ബെംഗളൂരു നാലാം സ്ഥാനത്ത് ആയിരുന്നതിനാല്‍ അവരുടെ ഹോം ഗ്രൗണ്ടിലായിരുന്നു കേരളത്തിന് എലിമിനേറ്റര്‍ മത്സരം കളിക്കേണ്ടി വന്നത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ തന്നെ ആതിഥേയരായ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിച്ചു. ആദ്യ പകുതിയില്‍ അവര്‍ നടത്തിയ മുന്നേറ്റങ്ങളൊന്നും ഗോളായി മാറിയില്ല.
രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞത്. നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ സന്ദര്‍ശകര്‍ക്കായില്ല. നിശ്ചിത സമയത്ത് ഇരു ടീമും ഗോളൊന്നും അടിക്കാതിരുന്നതിനെ തുടര്‍ന്നാണ് മത്സരം എക്സ്‌ട്രാ ടൈമിലേക്ക് നീങ്ങിയതും നാടകീയ സംഭവങ്ങള്‍ ഉണ്ടായതും.