ബംബോലി: ഇന്ത്യൻ സൂപ്പർ ലീഗിൽ എസ്.സി ഈസ്റ്റ് ബംഗാളിനെതിരെ ജംഷദ്‌പൂർ എഫ്.സിക്ക് വിജയം. എതിരാല്ലാത്ത ഒരു ഗോളിനാണ് ജംഷദ്‌പൂർ ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത്. പകരക്കാരനായി വന്ന് ഗോൾ നേടിയ ഇഷാൻ പണ്ഡിതയാണ് ജംഷദ്‌പൂരിന്‍റെ വിജയ ശിൽപ്പി.
മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച ജംഷദ്‌പൂരിന് പക്ഷേ ഗോൾ നേടാനായത് 88-ാം മിനിട്ടിലാണ്. 58-ാം മിനിട്ടിൽ സെയ്‌മിന്‍ ലെന്‍ ദുംഗലിന് പകരം ഗ്രൗണ്ടിലെത്തിയ ഇഷാന്‍ മികച്ചൊരു ഹെഡറിലൂടെ ടീമിന് ഗോൾ നേടിക്കൊടുക്കുകയായിരുന്നു. ഐ.എസ്.എല്ലില്‍ പകരക്കാരനായി വന്ന് ഏറ്റവുമധികം വിജയഗോള്‍ നേടിയ താരമെന്ന നേട്ടവും ഇഷാൻ സ്വന്തമാക്കി.
മത്സരത്തിന്‍റെ 63 ശതമാനവും പന്ത് ജംഷദ്പൂരിന്‍റെ കാലിലായിരുന്നു. ഗോൾ വീണതോടെ മറുപടി ഗോളിനായി ഈസ്റ്റ് ബംഗാൾ കിണഞ്ഞു ശ്രമിച്ചെങ്കിലും ജംഷദ്‌പൂർ പ്രതിരോധ കോട്ട മറികടക്കാൻ അവർക്കായില്ല. ഐഎസ്എല്ലിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാൻ ഈസ്റ്റ് ബംഗാളിനായിട്ടില്ല.
ALSO READ:Australian Open: യോഗ്യത മത്സരത്തിൽ യൂകി ഭാംബ്രിയ്‌ക്ക് ജയം, തോൽവിയോടെ രാമനാഥനും അങ്കിതയും
ഈ വിജയത്തോടെ ജംഷദ്‌പൂര്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും നാല് സമനിലയും രണ്ട് തോല്‍വിയുമുൾപ്പെടെ 19 പോയന്‍റാണ് ജംഷദ്‌പൂരിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ആറ് സമനിലയും അഞ്ച് തോല്‍വിയുമുൾപ്പെടെ വെറും ആറ് പോയന്‍റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.