എറണാകുളം : ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 9-ാം സീസണിന് ഒക്‌ടോബർ ഏഴിന് തുടക്കമാകും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി 7.30 നാണ് മത്സരം. രണ്ട് വർഷങ്ങൾക്ക് ശേഷം പൂർണമായും കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചുകൊണ്ടാകും ഇത്തവണ മത്സരങ്ങൾ സംഘടിപ്പിക്കുക.
കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ഗോവയില്‍ മാത്രമായിരുന്നു മത്സരങ്ങള്‍ നടന്നത്. എന്നാൽ ഇത്തവണ ഉദ്ഘാടന മത്സരം ഉള്‍പ്പടെ ബ്ലാസ്റ്റേഴ്‌സിന്‍റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഒക്‌ടോബർ 16ന് മോഹൻ ബഗാനുമായാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ടാം മത്സരം. 23ന് ഒഡിഷ എഫ്‌സിക്കെതിരെയാണ് മഞ്ഞപ്പടയുടെ ആദ്യ എവേ മത്സരം.
അതേസമയം ഈ സീസണ്‍ മുതൽ പ്ലേ ഓഫ് ചട്ടത്തിലും മാറ്റം വരും. ഇത്തവണ നാല് ടീമുകൾക്ക് പകരം ആറ് ടീമുകൾ പ്ലേഓഫിൽ ഏറ്റുമുട്ടും. ലീഗ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമി ഫൈനൽ ഉറപ്പിക്കും. എലിമിനേറ്റർ മത്സരങ്ങളിൽ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും, നാല്, അഞ്ച് സ്ഥാനങ്ങളിലെ ടീമുകളും ഏറ്റുമുട്ടിയാകും മറ്റ് സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. പത്ത് ഹോം മത്സരങ്ങളടക്കം ഒരോ ടീമുകളും 20 മത്സരങ്ങളാണ് കളിക്കുക.
ഫെബ്രുവരി 26 വരെയാണ് ലീഗ് മത്സര ക്രമങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ചില്‍ ഐഎസ്‌എല്‍ 2022-23 സീസണിന്‍റെ ഫൈനല്‍ സെമി-ഫൈനല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. നിലവില്‍ കൊല്‍ക്കത്തയില്‍ പുരോഗമിക്കുന്ന ഡ്യൂറന്‍റ് കപ്പിന് പിന്നാലെയാണ് ഐഎസ്‌എല്‍ മത്സരങ്ങള്‍ക്ക് തുടക്കമിടുന്നത്. അതേസമയം മാർച്ചിൽ അവസാനിക്കുന്ന ഐഎസ്എല്ലിന് ശേഷം ഏപ്രിലിൽ സൂപ്പർ കപ്പ് മത്സരങ്ങളും സംഘടിപ്പിക്കും.