എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം തോൽവി. കൊച്ചിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കിയത്. മെഹ്‌താബ് സിങ്, ഹോർഹെ പെരേര ഡിയാസ് എന്നിവർ ആദ്യ പകുതിയിൽ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്. ജയത്തോടെ മുംബൈ സിറ്റി പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കെത്തി.
മത്സരത്തിന്‍റെ ആദ്യ പകുതിയിൽ മുംബൈയും രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സുമാണ് പോരാടിയത്. സ്ഥിരം തലവേദനയായ പ്രതിരോധത്തിലെ പോരായ്‌മയാണ് ഇത്തവണയും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 21-ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചങ്കുലച്ചുകൊണ്ട് മുംബൈ ആദ്യ ഗോൾ നേടിയത്. കോർണറില്‍ നിന്ന് കിട്ടിയ അവസരം മുതലാക്കി പ്രതിരോധ താരം മെഹ്താബ് സിങ് ഇടംകാല്‍ കൊണ്ടുതീർത്ത ഷോട്ട് വലയില്‍ പതിക്കുകയായിരുന്നു.