ഗോവ :ജയത്തോടെപ്ലേ ഓഫ് ഉറപ്പാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ എഫ്‌സി ഗോവയെ നേരിടും. ബാംബോലിം അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നാളെ വൈകുന്നേരം 7.30 നാണ് മത്സരം. 33 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനക്കാരായ മുംബൈക്ക് 31 പോയിന്‍റാണുള്ളത്.
നാളത്തെ മത്സരം ബ്ലാസ്റ്റേഴ്‌സ് ജയിച്ചാൽ, ഇന്ന് രാത്രി നടക്കുന്ന ഹൈദരാബാദ് എഫ്‌സി - മുംബൈ സിറ്റി മത്സരഫലം അവരുടെ സെമിഫൈനൽ പ്രവേശനത്തെ ഒരു വിധത്തിലും ബാധിക്കില്ല. നാലാമത്തെ ടീമായി അവർ പ്ലേ ഓഫിന് യോഗ്യത നേടും. മുംബൈക്കെതിരെ ഇരുപാദത്തിലും വിജയിച്ച കേരളത്തിന് സെമിയിലേക്ക് മുന്നേറാൻ നാളെ സമനില മതിയാകും. ഇന്നത്തെ കളിയിൽ മുംബൈ തോറ്റാൽ നാളത്തെ ബ്ലാസ്റ്റേഴ്‌സ് - എഫ്‌സി ഗോവ മത്സരഫലം അപ്രസക്‌തമാവും. മുംബൈയെക്കാൾ രണ്ട് പേയിന്‍റധികമുണ്ട് കേരളത്തിന്.
ഹെഡ് കോച്ച് ഇവാൻ വുകൊമാനോവിച്ചിന്‍റെ കീഴിൽ കണ്ണഞ്ചിപ്പിക്കുന്ന ഫുട്ബോൾ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് 19 കളികളിൽ ഒമ്പത് ജയം നേടിയിട്ടുണ്ട്.'ഞങ്ങൾക്ക് ഒന്നും മുൻകൂട്ടി കണക്കാക്കാൻ കഴിയില്ല. കഴിഞ്ഞ മത്സരങ്ങളിലെ പോലെ ഞങ്ങൾക്ക് പോയിന്‍റുകൾക്കായി പോരാടേണ്ടതുണ്ട്, അതാണ് ഗെയിമിനെ സമീപിക്കാനുള്ള ഏക മാർഗം'. ഹെഡ് കോച്ച് വുകോമാനോവിച്ച് പറഞ്ഞു.