ബെംഗളൂരു : നിലവില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയങ്ങളിലൊന്നാണ് ഐഎസ്‌എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ നിന്നുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പിന്മാറ്റം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ടീം മത്സരം പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഗ്രൗണ്ട് വിടുന്നത്. ഇന്നലെ നടന്ന മത്സരത്തിനിടയ്‌ക്കായിരുന്നു ഇങ്ങനെയൊരു സംഭവം.
എക്‌സ്‌ട്ര ടൈമില്‍ ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രി നേടിയ ഫ്രീ കിക്ക് ഗോളിനെ തുടര്‍ന്നാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പരിശീലകന്‍റെ നിര്‍ദേശ പ്രകാരം ഗ്രൗണ്ട് വിട്ടത്. റഫറിയോട് ഉള്‍പ്പടെ തര്‍ക്കിച്ച് മത്സരത്തില്‍ നിന്നും തിരിച്ചുകയറിയ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ എന്ത് നടപടിയാകും ഉണ്ടാവുക എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്‍റെ പരാതിയുടെയും മാച്ച് കമ്മിഷണര്‍ നല്‍കുന്ന തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും വിഷയത്തില്‍ ബന്ധപ്പെട്ട അധികൃതരുടെ ഇടപെടല്‍.
ഫുട്‌ബോള്‍ ചട്ടങ്ങള്‍ നോക്കുമ്പോള്‍ ഈ പ്രവര്‍ത്തിക്ക് ബ്ലാസ്റ്റേഴ്‌സിനെതിരെ ശക്തമായ നടപടി തന്നെയുണ്ടാകാനാണ് സാധ്യത. ഒരു വര്‍ഷം വിലക്ക്, അല്ലെങ്കില്‍ വന്‍ തുക പിഴ എന്നീ ശിക്ഷകളാകാം ഒരുപക്ഷേ കേരള ബ്ലാസ്റ്റേഴ്‌സ് അഭിമുഖീകരിക്കേണ്ടിവരിക എന്നാണ് സൂചന. ബ്ലാസ്റ്റേഴ്‌സിന്‍റെ പരാതി ശരിവയ്‌ക്കുന്ന കണ്ടെത്തലുകളാണ് അന്വേഷണത്തിനൊടുവില്‍ ഉണ്ടാകുന്നത് എങ്കില്‍ മത്സരം വീണ്ടും നടത്തുന്നത് ഉള്‍പ്പടെ അധികൃതരുടെ പരിഗണനയിലേക്ക് വരും.
ഫൗളിന് ശേഷം ക്വിക്ക് റീ സ്റ്റാര്‍ട്ടിലാണ് തങ്ങള്‍ ഗോളടിച്ചതെന്നാണ് വിഷയത്തില്‍ ബെംഗളൂരുവിന്‍റെ വാദം. ഒരു ഫൗള്‍ നേരിട്ടതിന് പിന്നാലെ അതിവേഗം തന്നെ മത്സരം പുനരാരംഭിക്കുന്നതിനെയാണ് ക്വിക്ക് റീ സ്റ്റാര്‍ട്ട് എന്ന് പറയുന്നത്. ഈ സമയം മത്സരം വീണ്ടും ആരംഭിക്കാന്‍ റഫറി വിസില്‍ മുഴക്കേണ്ടതില്ല.