ഭുവനേശ്വർ:ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ ആദ്യ എവേ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. കരുത്തരായ ഒഡീഷ എഫ്‌സിയാണ് എതിരാളികൾ. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. സീസണിൽ ഇതുവരെ രണ്ട് മത്സരങ്ങൾ വീതം കളിച്ച ഇരു ടീമുകളും ഒന്ന് വീതം വിജയവും തോൽവിയും സ്വന്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഇന്നത്തെ മത്സരം ഇരു കൂട്ടർക്കും നിർണായകമാണ്.
ISL: ആദ്യ എവേ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ്, എതിരാളികൾ ഒഡീഷ എഫ്‌സി
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം
സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുമ്പോൾ മികച്ച വിജയത്തോടെ കഴിഞ്ഞ മത്സരത്തിലെ തോൽവി മറക്കാനാകും ബ്ലാസ്റ്റേഴ്‌സിന്‍റെ ശ്രമം. കൊച്ചിയിൽ സ്വന്തം കാണികൾക്ക് മുന്നിൽ വിജയിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് രണ്ടാം മത്സരത്തിൽ എടികെ മോഹൻ ബഗാനോട് നാണം കെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറാനാകും ബ്ലാസ്റ്റേഴ്‌സിന്‍റെ ശ്രമം.
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഒഡിഷ എഫ്‌സിയും ഇതുവരെ പതിനെട്ട് മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ഏഴിലും ഒഡിഷ നാലിലും ജയിച്ചു. ഏഴ് മത്സരം സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയ രണ്ട് കളിയിലും ബ്ലാസ്റ്റേഴ്‌സിനായിരുന്നു ജയം. അതിനാൽ തന്നെ കഴിഞ്ഞ സീസണിലെ മുൻതൂക്കം ഇത്തവണയും സ്വന്തമാക്കാനാണ് വുക്കോമനോവിച്ചും സംഘവും ലക്ഷ്യമിടുന്നത്.