തിലക് മൈതാൻ: പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം റൗണ്ട് മത്സരങ്ങൾക്കായി ഇന്നിറങ്ങുന്നു. ഒഡീഷ എഫ് സിയാണ് എതിരാളികൾ. പരിക്കേറ്റ നായകൻ ജെസൽ കാർണെയ്റോ ഇല്ലാതെയാവും ഒഡിഷയെ ബ്ലാസ്റ്റേഴ്‌സ് നേരിടുക. വൈകിട്ട് 7.30ന് തിലക് മൈതാനിലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിൽ കരുത്തരായ ഹൈദരാബാദ് എഫ് സിയെ ഒരു ഗോളിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഹർമൻജ്യോത് ഖാബ്രയുടെ പരിക്ക് ഭേദമായെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ച് സ്ഥിരീകരിച്ചിരുന്നു.
സീസണിൽ ഇതുവരെ കളിച്ച പത്ത് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. അഡ്രിയൻ ലൂണ, അൽവാരോ വാസ്ക്വേസ്, ഹോർജെ പെരേരാ ഡിയാസ്, സഹൽ അബ്ദുൽ സമദ് എന്നീ താരങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറുന്നത്.
ALSO READ:ഇന്ത്യന്‍ ഓപ്പണ്‍ : സൈന നെഹ്‌വാളിന് രണ്ടാം റൗണ്ട്
10 മത്സരങ്ങളിൽ നിന്ന് നാല് വിജയം ഉൾപ്പെടെ 17 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ 20 പോയിന്‍റുമായി ജംഷദ്‌പൂരിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താൻ സാധിക്കും. എതിരാളികളായ ഒഡീഷ ഒൻപത് മത്സരങ്ങളിൽ നിന്ന് 13 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്.