കൊച്ചി: ഐഎസ്‌എല്ലില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്. കലൂര്‍ സ്‌റ്റേഡിയത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ബ്ലാസ്‌റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ മൂന്നാമതെത്തി. തുടര്‍ച്ചയായി എട്ടുമത്സരങ്ങളില്‍ പരാജയം അറിയാതെയാണ് കൊമ്പന്മാരുടെ കുതിപ്പ്.
അപ്പൊസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്‍റകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് കൊമ്പന്മാര്‍ക്കായി വലകുലുക്കിയത്. ഡാനിയേല്‍ ചിമ ചുക്‌വുവാണ് ജംഷഡ്‌പൂരിനായി ലക്ഷ്യം കണ്ടത്.
മത്സരത്തിന്‍റെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ബാസ്‌റ്റേഴ്‌സ് ഒമ്പതാം മിനിട്ടില്‍ തന്നെ മുന്നിലെത്തി. പന്തുമായി മുന്നേറി ദിമിത്രിയോസ് ഡയമന്‍റ്ക്കോസ് നല്‍കിയ പാസ് അപ്പോസ്‌തൊലോസ് ജിയാനു ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാല്‍ 17ാം മിനിട്ടില്‍ ചുക്‌വുയിലൂടെ ജംഷഡ്‌പൂര്‍ ഗോള്‍ മടക്കി.
ഇഷാന്‍ പണ്ഡിതയുടെ ഗോള്‍ശ്രമം തടയാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ നടത്തിയ ശ്രമത്തില്‍ പന്തു ലഭിച്ചത് ചുക്‌വുവിന്‍റെ കാലിലായിരുന്നു. ഗോളിയില്ലാ പോസ്റ്റിലേക്ക് ചിപ് ചെയ്‌താണ് ചുക്‌വു പന്തെത്തിച്ചത്.
പക്ഷെ 31ാം മിനിട്ടില്‍ ഒരു പെനാല്‍റ്റിയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഈ സമനില പൊളിച്ചു. ജെസ്സല്‍ കാര്‍ണെയ്‌റോ ക്രോസ് ചെയ്ത പന്ത് ബോക്‌സില്‍ ജംഷഡ്‌പൂര്‍ താരം ബോറിസ് സിങ്ങിന്‍റെ കയ്യില്‍ തട്ടിയതിനായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ദിമിത്രിയോസിന് പിഴച്ചില്ല.
തുടര്‍ന്ന് 65ാം മിനിട്ടിലാണ് മഞ്ഞപ്പടയുടെ മൂന്നാംഗോള്‍ വന്നത്. ലൂണയുടെ ഗോളിന് വഴിയൊരുക്കിയത് ജിയാനുവാണ്. ഐഎസ്‌എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന്‍റെ 200ാം ഗോളാണിത്. ഇതിന് ശേഷവും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ ശ്രമം നടത്തിയെങ്കിലും ജംഷഡ്പൂര്‍ പ്രതിരോധം ഭേദിക്കാനായില്ല.
നിലവിലെ പോയിന്‍റ് പട്ടികയില്‍ 10ാം സ്ഥാനത്താണ് ജംഷഡ്പൂര്‍. 12 മത്സരങ്ങളില്‍ നിന്നും അഞ്ച് പോയിന്‍റ് മാത്രമാണ് സംഘത്തിനുള്ളത്.