തിലക് മൈതാൻ : ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയമുറപ്പിച്ച് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കരുത്തരായ ഹൈദരാബാദ് എഫ് സിയാണ് എതിരാളികൾ. രാത്രി 7.30 ന് തിലക് മൈതാനിലാണ് മത്സരം.
അതേസമയം നീണ്ട ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളത്തിലേക്കിറങ്ങുന്നത്. ഈ മാസം രണ്ടാം തീയതി ഗോവക്കെതിരെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന മത്സരം. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു.
നിലവിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും, അഞ്ച് സമനിലയും, ഒരു തോൽവിയും ഉൾപ്പടെ 14 പോയിന്‍റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. തുടർച്ചയായ എട്ട് മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് പരാജയം അറിയാതെ മുന്നേറിയത്.