എറണാകുളം:ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഒമ്പതാം സീസണിന് ഇന്ന്(ഒക്‌ടോബര്‍ 7) കൊച്ചിയിൽ തുടക്കമാകും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെയാണ് നേരിടുക. വൈകുന്നേരം 7.30 നാണ് മത്സരം. നിലവിലെ റണ്ണേഴ്‌സ് അപ്പായ ബ്ലാസ്റ്റേഴ്‌സ് കിരീട പ്രതീക്ഷയോടെയാണ് പുതിയ സീസണിൽ കളിക്കാനിറങ്ങുന്നത്.
ഉദ്ഘാടന മത്സരത്തിൽ സ്വന്തം കാണികൾക്ക് മുമ്പിൽ വിജയത്തിൽ കുറഞ്ഞൊന്നും മഞ്ഞപ്പട പ്രതീക്ഷിക്കുന്നില്ല. അതേസമയം കഴിഞ്ഞതവണ ലീഗിൽ അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാൾ വിജയ തുടക്കത്തോടെ തിരിച്ചുവരവ് അറിയിക്കാനാണ് ആഗ്രഹിക്കുന്നത്. രണ്ടുവർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഐഎസ്എൽ ഹോം- ആൻഡ് എവേ അടിസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നത് .
മഞ്ഞക്കടലിരമ്പും: പൂർണമായും കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചുള്ള ഐഎസ്എൽ മത്സരം പുനരാംരംഭിക്കുന്നതും രണ്ട് വർഷത്തിന് ശേഷമാണ്. ഇത്തവണ ഉദ്ഘാടന മത്സരം ഉള്‍പ്പടെ ബ്ലാസ്റ്റേഴ്‌സിന്‍റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഒക്‌ടോബർ 16ന് മോഹൻ ബഗാനുമായാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ രണ്ടാം മത്സരം. 23ന് ഒഡീഷ എഫ്‌സിക്കെതിരെയാണ് മഞ്ഞപ്പടയുടെ പോരാട്ടം.
സെർബിയക്കാരനായ ഇവാൻ വുകോമാനോവിച്ച് എന്ന കരുത്തനായ കോച്ചിന്‍റെ പരിശീലന മികവിലാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 16 പേരെ നിലനിർത്തിയപ്പോൾ 12 പേർ പുതുതായെത്തി. 14 യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് നിരയിലുള്ളത്.