പനജി: ഐഎഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പട ചെന്നൈയിന്‍ കീഴടക്കിയത്.
ബ്ലാസ്‌റ്റേഴ്‌സിനായി ജോര്‍ജെ പെരേര ഡയസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും ലക്ഷ്യം കണ്ടു. നിരവധി അവസരങ്ങള്‍ നഷ്‌ടമായ ആദ്യ പകുതിക്ക് ശേഷം 52ാം മിനിട്ടില്‍ ഡയസിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആദ്യ ഗോള്‍ പിറന്നത്.
ഹര്‍മന്‍ജ്യോത് ഖബ്രയുടെ ലോങ് പാസാണ് ഗോളിന് വഴിയൊരുക്കിയത്. തുടര്‍ന്ന് മൂന്ന് മിനിട്ടുകള്‍ക്കകം താരം രണ്ടാം ഗോളും നേടി. ചെന്നൈയിന്‍ ക്രോസ് ബാറില്‍ തട്ടി തിരിച്ചുവന്ന പന്ത് താരം വലയിലാക്കുകയായിരുന്നു.